ഖത്തർ ഫുട്ബാൾ വിജയങ്ങളുമായി തപാൽ സ്റ്റാമ്പ്
text_fieldsദോഹ: ലോകകപ്പിലേക്കുള്ള കാത്തിരിപ്പിനിടയിൽ ഖത്തറിന്റെ ശ്രദ്ധേയ ഫുട്ബാൾ വിജയങ്ങളുടെ കഥയുമായി തപാൽ സ്റ്റാമ്പ് പുറത്തിറങ്ങുന്നു. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്റ്റാമ്പ് പരമ്പരയിലാണ് ഖത്തരി ഫുട്ബാൾ വിജയങ്ങൾ എന്ന പേരിൽ പുതിയ സ്റ്റാമ്പുകൾ പുറത്തിറക്കുന്നതെന്ന് ഖത്തർ പോസ്റ്റ് അറിയിച്ചു. 1981ലെ ലോക യൂത്ത് ചാമ്പ്യൻഷിപ് റണ്ണേഴ്സ് അപ് (ലോകത്ത് രണ്ടാം സ്ഥാനം), 1992ലെ അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻ, 2006ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ, 2019ലെ എ.എഫ്.സി ഏഷ്യൻ കപ്പ് ചാമ്പ്യൻ എന്നീ വിജയങ്ങളാണ് സ്റ്റാമ്പിൽ ഇടംനേടിയിരിക്കുന്നത്. ആദ്യദിനം 20,000 സ്റ്റാമ്പുകളും 2000 ഫോൾഡറുകളും 3000 എൻവലപ്പുകളുമാണ് പുറത്തിറക്കുന്നത്. സ്റ്റാമ്പുകൾക്ക് 14 റിയാലും ഫോൾഡറിന് 100 റിയാലും എൻവലപ്പിന് 15 റിയാലുമാണ് നിരക്ക്. നേരത്തെ ലോകകപ്പ് ലോഗോ, ലോകകപ്പ് സ്റ്റേഡിയങ്ങൾ, ഫിഫ ക്ലാസിക്, ഖത്തർ ലോകകപ്പിന്റെ ഔദ്യോഗികചിഹ്നം ലഈബ്, ഔദ്യോഗിക ടൂർണമെൻറ് പോസ്റ്റർ, ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടും ലോകകപ്പ് പരമ്പരയിൽ ഖത്തർ പോസ്റ്റ് സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.