തന്ത്രങ്ങളോതി, ഊർജം പകർന്ന് ബോറോ ഇന്ത്യൻ ക്യാമ്പിൽ
text_fieldsദോഹ: ഏഷ്യൻകപ്പ് ഫുട്ബാൾ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീം അംഗങ്ങൾക്ക് ആത്മവിശ്വാസവും പുതിയ പാഠങ്ങളും പകർന്ന് പരിശീലന ക്യാമ്പിൽ മുൻ സെർബിയ ഫുട്ബാളർ ബോറോ മിലുറ്റിനോവിചിന്റെ സന്ദർശനം.
കഴിഞ്ഞ ദിവസമാണ് ബോറോ ദോഹയിലെ ടീം ട്രെയിനിങ് സെൻററിലെത്തി കളിക്കാർക്കൊപ്പം സമയം ചെലവഴിച്ചത്. പുതുവത്സര പിറവിക്കു പിന്നാലെ പരിശീലനം തുടരുകയായിരുന്ന സംഘത്തിന് അപ്രതീക്ഷിത അതിഥിയായാണ് ബോറോയെത്തിയത്. അഞ്ചു ലോകകപ്പുകളിൽ പരിശീലകനായി പങ്കാളിത്തം വഹിച്ച റെക്കോഡുള്ള കോച്ച് കൂടിയാണ് ഇദ്ദേഹം.
1986ൽ ആതിഥേയരായ മെക്സികോയുടെയും 1990ൽ കോസ്റ്റാറീക, 1994ൽ അമേരിക്ക, 1998ൽ നൈജീരിയ, 2002ൽ ചൈന ടീമുകളുടെ പരിശീലകനായിരുന്നു. പഴയ യൂഗോസ്ലാവിയയിൽ ജനിച്ച 79കാരൻ 1976 വരെ ക്ലബ് ഫുട്ബാളിൽ സജീവമായിരുന്നു.കോച്ചിങ് കരിയർ തുടങ്ങിയതോടെ രാജ്യാന്തര ഫുട്ബാളിൽ ഏറെ ആദരിക്കപ്പെടുന്ന പേരായി മാറി. പത്തോളം ദേശീയ ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചു.
ഇന്ത്യൻ ടീം അംഗങ്ങൾക്ക് ആശംസ നേർന്നും, പരിശീലകരുമായും കളിക്കാരുമായും ആശയവിനിമയം നടത്തിയുമാണ് ബോറ മടങ്ങിയത്.അദ്ദേഹത്തെ കാണാനും വാക്കുകൾ ശ്രവിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ഗോൾ കീപ്പർ ഗുർപ്രീത് സിങ് പറഞ്ഞു. ‘ബോറോയുടെ ആദ്യ ചോദ്യം തന്നെ ഞങ്ങളെ അതിശയിപ്പിച്ചു.
ഫുട്ബാളിലെ ഏറ്റവും പ്രധാനപ്പെട്ട ആക്ഷൻ എന്താണെന്നായിരുന്നു ചോദ്യം. ‘അടുത്ത ആക്ഷൻ’ എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. നിങ്ങൾ ഗോൾ നേടിക്കഴിഞ്ഞാൽ, പ്രതിരോധിക്കുകയാണ് അടുത്ത ആക്ഷൻ. ഗോൾ വഴങ്ങിയാൽ തിരിച്ചടിക്കുന്നതായിരിക്കണം. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരിക്കുന്നതു തന്നെ ബഹുമതിയായിരുന്നു’ - ഗുർപ്രീത് സിങ് പറയുന്നു.ട്രെയിനിങ് സെഷനിൽ ബോറോയുടെ വാക്കുകൾ വലിയ പ്രചോദനവും ആത്മവിശ്വാസവും നൽകിയതായി സന്ദേശ് ജിങ്കാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.