ഡോ. മോഹൻ തോമസിന് പ്രവാസി ഭാരതീയ സമ്മാൻ
text_fieldsദോഹ: കേന്ദ്ര സർക്കാറിന്‍റെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡിന് ഖത്തറിലെ പ്രമുഖ ഇ.എൻ.ടി വിദഗ്ധനും സംരംഭകനും സാമൂഹിക സേവനരംഗത്തെ പ്രമുഖനുമായ ഡോ. മോഹൻ തോമസ് അർഹനായി. ദോഹ ഇന്ത്യൻ എംബസിയുടെ അനുബന്ധസംഘടനയായ ഇന്ത്യൻ സ്പോർട്സ് സെൻറർ (ഐ.എസ്.സി)യുടെ നിയുക്ത പ്രസിഡൻറാണ്. കൊച്ചി കൊച്ചുകടവന്ത്ര സ്വദേശിയായ ഇദ്ദേഹം 35വർഷത്തിലധികമായി ദോഹ പ്രവാസിയാണ്.
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് ഡോ. മോഹൻ തോമസ് എം.എസ് പൂർത്തിയാക്കിയത്. ഖത്തറിൽ സ്ഥിരം താമസാനുമതി ലഭിച്ച ആദ്യകുടുംബം ഇദ്ദേഹത്തിേൻറതാണ്.
1980ൽ ഡോ.മോഹൻ തോമസിന്‍റെ നേതൃത്വത്തിലാണ് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അർഹരായ രോഗികൾക്ക് സൗജന്യമായി ശ്വാസനാളത്തിലും ചെവിയിലും സൗജന്യ ശസ്ത്രക്രിയ നൽകുന്ന പദ്ധതി ആരംഭിച്ചത്. അർഹർക്ക് വിദ്യാഭ്യാസം നൽകുന്നതിനും വീട് നിർമിച്ചുനൽകുന്നതടക്കമുള്ള സേവനപ്രവർത്തനങ്ങൾക്കായുള്ള സെർവ് പ്യൂപ്പിൾ ഫൗണ്ടേഷൻ ഇദ്ദേഹത്തിൻെറ കുടുംബമാണ് തുടങ്ങിയത്.
മിഡിൽ ഈസ്റ്റിൽ ആദ്യമായി സീറോ മലബാർ ചർച്ച് ഖത്തറിൽ സ്ഥാപിച്ചത് ഇദ്ദേഹത്തിൻെറ നേതൃത്വത്തിലാണ്.
ഗൾഫിലെ പ്രവാസികൾക്കുള്ള സർക്കാർ തലത്തിലും മറ്റുമുള്ള വിവിധ സേവനപ്രവർത്തനങ്ങളിലും മറ്റും വർഷങ്ങളായി മുൻനിരയിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധയിടങ്ങളിൽ പ്രതിസന്ധിയിലായ നിരവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനും അവർക്കായി പ്രത്യേക ചാർട്ടേർഡ് വിമാനങ്ങൾ ഒരുക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു. ഇത്തരം സേവനങ്ങൾക്ക് ഖത്തർ സർക്കാറിന്‍റെയും ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ഇന്ത്യൻ എംബസിയുടെ കീഴിൽ രൂപവത്കരിച്ച പ്രത്യേക സഹായസമിതിയിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
പേൾ ട്രേഡിങ് സെൻറർ, അൽഫുർസ ഹോസ്പിറ്റാലിറ്റി സർവീസസ്, ബെസ്റ്റ്കോ ട്രേഡിങ് ആൻറ് കോൺട്രാക്റ്റിങ്, ഹ്യുമനിസ് ഗ്രൂപ്പ്, വിവൻറം ഗ്രൂപ്പ്, ഡോർഗമറ്റ്, കൊച്ചി മെഡിക്കൽ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്, പെൻറ ട്രേഡിങ് കാസിൽ ഗ്രൂപ്പ് തുടങ്ങിയസ്ഥാപനങ്ങളുെട ചെയർമാനാണ്.
ദോഹയിലെ പ്രമുഖ ഇന്ത്യൻ സ്കൂൾ ആയ ബിർള സ്കൂളിൻെറ സ്ഥാപക ചെയർമാനും ഡയറക്ടറുമാണ്. ദോഹയിലെ ഡോ. തോമസ് ഇ.എൻ.ടി ക്ലിനികിന്‍റെ ഉടമയും ഡയറക്ടറുമാണ്.
ഇന്ത്യൻ എംബസിയുടെ അപെക്സ് സംഘടനകളായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡൻറ്, ഇന്ത്യൻ കൾച്ചറൽ സെൻറർ (ഐ.സി.സി) ഉപദേശകസമിതി അംഗം, ഖത്തറിലെ ഇന്ത്യൻ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് (ഐ.ഡി.സി) പ്രസിഡൻറ് തുടങ്ങിയ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: തങ്കം. ടോം, ജേക്, മരിയ എന്നിവരാണ് മക്കൾ. അഞ്ജു, ആരതി എന്നിവരാണ് മരുമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.