പ്രവാസി ദോഹ ബഷീര്‍ പുരസ്കാരം വൈശാഖന്
text_fieldsദോഹ: പ്രവാസി ദോഹ ബഷീര്‍ പുരസ്കാരം എഴുത്തുകാരന് വൈശാഖന്. എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാനായ പുരസ്കാര ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ബാബു മേത്തര്‍, എം.എ. റഹ്മാന്, കെ.കെ. സുധാകരന്, ഷംസുദ്ദീന്, സി.വി. റപ്പായി, ദീപന് എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍. മനുഷ്യ ജീവിതത്തിലെ ബന്ധങ്ങളും ഏകാന്തതയില്‍നിന്നുള്ള സർഗാത്മകമായ പ്രവാസത്തിന്റെ മിടിപ്പുകളുമാണ് വൈശാഖന്റെ കഥകളെന്ന് പുരസ്കാര ജൂറി വിലയിരുത്തി.
കേരളത്തിനു പുറമേ തമിഴ്നാട്ടിലും ആന്ധ്രയിലുമുള്ള മറുനാടന്‍ പ്രവാസമാണ് വൈശാഖനെ കഥാവഴികളിലെ വേറിട്ട പ്രവാസസ്വരം കേള്‍പ്പിച്ച എഴുത്തുകാരനാക്കിയത്.
സാഹിത്യത്തെ ജനകീയവത്കരിക്കാന്‍ അദ്ദേഹം സ്റ്റേഷന് മാസ്റ്റര്‍ ജോലിയിലെ ജീവിതാനുഭവങ്ങള്‍ നല്കിയ ഏകാന്തതയുടെ ആഖ്യാനങ്ങളാണ് കഥകളാക്കിയത്. ഏകാന്ത ജീവിതസ്ഥലികളെ കേന്ദ്രമാക്കി വൈശാഖന് നൂറിലധികം ചെറുകഥകള്‍ എഴുതി. ജീവിതകാലം മുഴുവന്‍ പലതരം പ്രവാസം അനുഭവിച്ച എഴുത്തുകാരനായിരുന്നു വൈശാഖന്.
പ്രവാസി ദോഹയുടെ 26ാമത് പുരസ്കാരമാണിത്. കോവിഡിനെ തുടര്‍ന്ന് മൂന്നു വര്‍ഷം നിര്‍ത്തിവെച്ചിരുന്നു. 50,000 രൂപയും ചിത്രകാരന് നമ്പൂതിരി രൂപകൽപന ചെയ്ത ശില്പവും പ്രശംസാപത്രവുമാണ് പുരസ്കാരം. ഇതോടൊപ്പം പ്രവാസി ദോഹയുടെ രക്ഷാധികാരികളില്‍ ഒരാളായിരുന്ന പ്രഫ. എം.എന്‍. വിജയന്റെ പേരിലുള്ള എന്‍ഡോവ്മെന്റ് സ്കോളര്‍ഷിപ് അവാര്‍ഡായ 15,000 രൂപ അവാര്‍ഡ് ജേതാവിന്റെ നാട്ടില്‍നിന്നും അവാര്‍ഡ് ജേതാവ് തെരഞ്ഞെടുക്കുന്ന മിടുക്കനായ വിദ്യാര്‍ഥിക്ക് സമ്മാനിക്കും. അവാര്‍ഡ്ദാന തീയതി പിന്നീട് തീരുമാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.