പ്രവാസി സാഹിത്യോത്സവ് നാളെ
text_fieldsദോഹ: രിസാല സ്റ്റഡി സർക്കിൾ നേതൃത്വത്തിൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഖത്തർ പ്രവാസി സാഹിത്യോത്സവ് നവംബർ 10 വെള്ളിയാഴ്ച അൽ വക്റ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവാസികളുടെ സർഗാത്മകതക്ക് മരുഭൂമിയിൽ നിറംപകരുന്ന സാഹിത്യോത്സവുകളുടെ പതിമൂന്നാമത് എഡിഷനാണ് വെള്ളിയാഴ്ച നടക്കുന്നത്.
യൂനിറ്റ്, സെക്ടർ, സെൻട്രൽ തലങ്ങളിൽ മത്സരിച്ചു വിജയിച്ച 300ഓളം പ്രതിഭകളാണ് സാഹിത്യോത്സവിൽ മത്സരിക്കുക. കൂടാതെ, ഖത്തറിലെ പ്രമുഖ സ്കൂളുകളിലെ വിദ്യാർഥികൾ മാറ്റുരക്കുന്ന കാമ്പസ് സാഹിത്യോത്സവും പരിപാടിയുടെ ഭാഗമായി നടക്കും. 30 വർഷമായി ഗൾഫിൽ പ്രവർത്തിക്കുന്ന രിസാല സ്റ്റഡി സർക്കിളിന് കീഴിലുള്ള കലാലയം സാംസ്കാരിക വേദിയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്.
രാവിലെ എട്ടിന് ആരംഭിക്കുന്ന പരിപാടിയിൽ 80 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഉച്ചക്ക് 1.30നു നടക്കുന്ന സാംസ്കാരിക സംഗമത്തിൽ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക കലാരംഗത്തെ പ്രമുഖർ സംബന്ധിക്കും. വൈകീട്ട് നാലിന് ‘ബഷീറിന്റെ ലോകം’ എന്ന ശീർഷകത്തിൽ പുസ്തക ചർച്ച നടക്കും.
സാഹിത്യോത്സവ് വേദിയിലേക്ക് ദോഹയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകർക്ക് പങ്കെടുക്കാവുന്ന തത്സമയ മത്സര പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 7.30 ന് നടക്കുന്ന സമാപന സംഗമത്തിൽ ഖത്തർ ഐ.സി.എഫ് സാരഥികൾ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്യും.
കാലിക്കറ്റ് നോട്ടുബുക്ക് റസ്റ്റാറന്റിൽ നടന്ന പത്ര സമ്മേളനത്തിൽ സാഹിത്യോത്സവ് സ്വാഗതസംഘം ചെയർമാൻ അബ്ദുൽ അസീസ് സഖാഫി പാലോളി, മീഡിയ വിഭാഗം കൺവീനർ നൗഷാദ് അതിരുമട, ആർ.എസ്.സി നാഷനൽ എക്സിക്യൂട്ടിവ് സെക്രട്ടറി നംഷാദ് പനമ്പാട്, മീഡിയ സെക്രട്ടറി താജുദ്ദീൻ പുറത്തീൽ, റനീബ് ചാവക്കാട്, എക്സിക്യൂട്ടിവ് ബോർഡ് മെംബർ ഉബൈദ് പേരാമ്പ്ര, തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.