പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കം
text_fieldsദോഹ: ഒരു പതിറ്റാണ്ടു കാലമായി ഖത്തറിന്റെ പ്രവാസി ഭൂമികയിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയ പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറത്തിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. മെഷാഫിലെ പേൾ പോഡാർ സ്കൂൾ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷെഫീഖ് വാർഷികാഘോഷ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രവാസികളെ മാറ്റിനിർത്തിക്കൊണ്ട് കേരളത്തിന്റെ സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ വിഭവശേഷികളെക്കുറിച്ച് സംസാരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം വിഭവശേഷികളിൽ ബഹുദൂരം മുന്നേറിയതിന്റെ കാരണം ഗൾഫ് പ്രവാസമാണ്. അധ്വാനം മാത്രം മൂലധനമാക്കി പ്രവാസത്തിലേക്ക് ചേക്കേറിയവരുടെ ഫലമായിട്ടാണ് അടുത്ത തലമുറ വിദ്യാഭ്യാസം മൂലധനമാക്കി പ്രവാസത്തിലേക്ക് കടന്നത്. അതിലൂടെ കേരളത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാക്കി മാറ്റി’ -അദ്ദേഹം വ്യക്തമാക്കി.സമ്മേളനത്തിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ആർ.ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. ഖത്തറിലെ മലയാളി പ്രവാസികൾക്കിടയിൽ സാംസ്കാരിക സേവന മേഖലകളിൽ നിറഞ്ഞുനിന്ന പത്തു വർഷങ്ങളാണ് കഴിഞ്ഞു പോയതെന്നും വരും കാലങ്ങളിലും കൂടുതൽ മികവോടെ ഖത്തറിലെ പ്രവാസി സമൂഹത്തിൽ പ്രവാസി വെൽഫെയർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന പത്തിന പരിപാടികൾ വൈസ് പ്രസിഡന്റ് മജീദലി പ്രഖ്യാപിച്ചു. പത്താം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ആകാശം അതിര്’ എന്ന തീം സോങ് കെ.എ. ഷെഫീഖ് പുറത്തിറക്കി. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി അഹമ്മദ് ഷാഫി തീം സോങ് പരിചയപ്പെടുത്തി സംസാരിച്ചു.പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി താസിൻ അമീൻ, വൈസ് പ്രസിഡന്റ് നജ്ല നജീബ് എന്നിവർ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷെഫീഖിനും പരിപാടിയിൽ സാബന്ധിക്കാനെത്തിയ ഗായിക മീരക്കും മെമന്റോ കൈമാറി.എസ്.എം.എ ടൈപ്പ് വൺ ബാധിച്ച് ചികിത്സാ സഹായം തേടുന്ന മലയാളി ദമ്പതികളുടെ മകൾ മൽഖ റൂഹിക്ക് സമ്മേളനത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചും സഹായമഭ്യർഥിച്ചും പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് പി. റഷീദലി സംസാരിച്ചു. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരിമാരായ ആയിഷയും ആമിനയും അവരുടെ രണ്ട് വർഷത്തെ സമ്പാദ്യക്കുടുക്ക മൽഖാറൂഹിയുടെ ചികിത്സാ ഫണ്ടിലേക്കായി വെൽഫെയർ പാർട്ടി വൈസ് പ്രസിഡന്റിന് കൈമാറിയത് സദസ്സിനെ ഹൃദ്യമാക്കി.
ഗായിക മീര നയിച്ച ഗാനമേളയിൽ ശ്യാം മോഹൻ, ഹിസാന നസ്രീൻ, ഷബീബ് അബ്ദുറസാഖ്, ഷഫാഹ് കണ്ണൂർ, അനീസ് എടവണ്ണ, ശാസ ഷബീബ്, കൃഷ്ണൻ, മെഹ്ദിയ എന്നിവർ ഗാനങ്ങളാലപിച്ചു. സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് അനീസ് റഹ്മാൻ മാള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.