‘സമകാലിക ഇന്ത്യയിൽ അംബേദ്കറിന്റെ പ്രാധാന്യം വർധിച്ചുവരുന്നു’
text_fieldsദോഹ: ഇന്ത്യൻ ജനാധിപത്യവും രാഷ്ട്രീയവും എപ്പോഴൊക്കെ പ്രതിസന്ധിയിലാകുന്നോ അപ്പോഴൊക്കെ അംബേദ്കർ പൊതു മണ്ഡലത്തിൽ സജീവ ചർച്ചയായി വരുന്നുവെന്നും ലോകത്തെതന്നെ ഏറ്റവും മികച്ച ഭരണഘടന ഇന്ത്യക്ക് സംഭാവന ചെയ്ത അദ്ദേഹത്തോട് രാജ്യത്തിന് വലിയ ആദരവും കടപ്പാടുമുണ്ടെന്നും പ്രവാസി വെല്‍ഫെയര്‍ ‘അംബേദ്കര്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത്’ ചര്ച്ചസദസ്സ് അഭിപ്രായപ്പെട്ടു.
സമകാലിക ഇന്ത്യയിൽ ഭരണഘടനക്കും അംബേദ്കറിനുമുള്ള പ്രാധാന്യം വർധിച്ചു വരുകയാണ്. അംബേദ്കർ മുന്നോട്ടുവെച്ചതും ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൂല്യവത്തായ ആശയങ്ങളും ഇല്ലായിരുന്നെങ്കിൽ ഇതിനോടകം രാജ്യം വലിയ അപകടത്തിൽ എത്തിച്ചേരുമായിരുന്നു. ഭരണഘടനയും രാജ്യത്തിന്റെ മതേതര മൂല്യങ്ങളും നിരാകരിക്കുന്നവർക്ക് ഇന്നും അംബേദ്ക്കർ ഒരു പ്രശ്നമാകുന്നത് അദ്ദേഹത്തിന്റെ രാജ്യത്തെ കുറിച്ച വീക്ഷണവും ദീർഘ ദർശനവുമാണ് സൂചിപ്പിക്കുന്നത്. മതേതര ജനാധിപത്യ കൂട്ടായ്മകള്‍ അംബേദ്കറിന്റെ ആശയങ്ങളെയും ഭരണഘടനയെയും നിരന്തരം ഓര്‍മപ്പെടുത്തി കൊണ്ടിരിക്കണമെന്നും ചര്ച്ചസദസ്സില് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ചര്ച്ചസദസ്സ് ഉദ്ഘാടനം ചെയ്തു. റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്, സാമൂഹിക പ്രവർത്തകനും അടയാളം ഖത്തർ എക്സിക്യൂട്ടിവ് മെംബറുമായ പ്രമോദ് ശങ്കരൻ എന്നിവര്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് അനീസ് മാള ചര്‍ച്ച നിയന്ത്രിച്ചു. നജീം കൊല്ലം , സൈനുദ്ദീൻ കോഴിക്കോട്, അയ്യൂബ് ഖാൻ പൂന്തുറ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഷംസീർ ഹസൻ സ്വാഗതവും സജ്ന സാക്കി നന്ദിയും പറഞ്ഞു. വിസ്മയ ബിജുവിന്റെ കവിതാലാപനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.