ഇന്ത്യയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾ വിട്ടുവീഴ്ചക്ക് തയാറാവണം -റസാഖ് പാലേരി
text_fieldsപ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: മതനിരപേക്ഷതയുടെയും സാമൂഹിക നീതിയുടെയും ഇന്ത്യയെ സംരക്ഷിച്ചു നിർത്താൻ വിശാലമായ വിട്ടുവീഴ്ചക്ക് രാഷ്ട്രീയ പാർട്ടികൾ തയാറാവണമെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്കുന്ന പാഠമിതാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റും അനുമോദന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലങ്ങളായി പിന്നാക്കാവസ്ഥയില്‍ നില്ക്കുന്നൊരു സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റത്തിന് അൽപമെങ്കിലും സഹായകരമായിക്കൊണ്ടിരിക്കുന്ന അവസാന സാമ്പത്തിക സ്രോതസ്സുകൂടിയാണ് വഖഫ് ഭേദഗതി നിയമത്തിലൂടെ ഇല്ലാതാകാന്‍ പോകുന്നത്.
ഇത് ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. സഹവര്‍ത്തിത്വത്തിന്റെ തുരുത്തെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കേരളത്തിലും വിദ്വേഷ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ അനുദിനം വർധിക്കുന്നു. വോട്ടിനും അധികാരത്തിനും വേണ്ടി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തിവിട്ട് സാമൂഹികാന്തരീക്ഷം മലിനമാക്കാന്‍ ഉത്തരവാദപ്പെട്ട ചില പാർട്ടികൾതന്നെ നേതൃത്വം നല്കുന്നു.
ഇതിന്റെ ഫലം കൊയ്യാന്‍ പോകുന്നത് ഫാഷിസ്റ്റ് ശക്തികളായിരിക്കും. ഇതിനെതിരെ വിവിധ ജനവിഭാഗങ്ങളെ ചേർത്തുനിർത്തി ഇത്തരം ചെയ്തികളെ ചെറുത്തുതോൽപിക്കേണ്ടതുണ്ട്. സാമൂഹിക സൗഹാർദം കാത്തുസൂക്ഷിക്കാനും രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാനും പ്രവാസികള്‍ക്ക് വലിയ പങ്കു വഹിക്കാൻ സാധിക്കും. അതിനുള്ള ശ്രമങ്ങൾ നടത്തുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും റസാഖ് പാലേരി പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അന്‍സാര്‍ അബൂബക്കര്‍, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖലി, കോഴിക്കോട് ജില്ല പ്രസിഡന്റ് ആരിഫ് വടകര, മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര, തിരുവന്തപുരം ജില്ല പ്രസിഡന്റ് നസീർ ഹനീഫ, നുഫൈസ എം.ആര് തുടങ്ങിയവര്‍ സംസാരിച്ചു.
അപെക്സ് ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റഷീദ് അഹമ്മദ്, അസീം എം.ടി എന്നിവരെ റസാഖ് പാലേരി പൊന്നാടയണിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി സ്വാഗതവും വൈസ് പ്രസിഡന്റ് നജ്ല നജീബ് സമാപനവും നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.