പ്രവാസി ക്ഷേമപദ്ധതിക്ക് കേന്ദ്രസർക്കാറിന്റെ പിന്തുണയും വേണം -കെ.വി. അബ്ദുൽഖാദർ
text_fieldsദോഹ: ഗൾഫ് രാജ്യങ്ങളിലേതുൾപ്പെടെ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസമായ പ്രവാസി ക്ഷേമപെൻഷൻ പദ്ധതി കൂടുതൽ ആകർഷകമാക്കുന്നതിന് കേന്ദ്രസർക്കാറിന്റെ സഹായം ആവശ്യപ്പെട്ട് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ. ഇക്കാര്യം, സംസ്ഥാന സർക്കാർ മെമ്മോറാണ്ടം വഴി കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും രാജ്യത്തിന്റെ വിദേശനാണ്യത്തിൽ വലിയൊരു വിഹിതം നൽകുന്ന പ്രവാസികൾക്ക് ആശ്വാസമാവുന്ന പ്രവാസികളെ അർഹമായ വിധത്തിൽ കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്നും ദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. പ്രവാസി ക്ഷേമബോർഡ് അംഗമായി ഖത്തറിൽനിന്ന് തെരഞ്ഞെടുത്ത ഇ.എം. സുധീറിന് വെള്ളിയാഴ്ച ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് മുൻ എം.എൽ.എ കൂടിയായ പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ ദോഹയിലെത്തിയത്.
മുഴുവൻ പ്രവാസികളെയും ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളാക്കുകയാണ് ബോർഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘പെൻഷനു പുറമെ, ചികിത്സ ധനസഹായം, വിദ്യാഭ്യാസ ധനസഹായം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. സംസ്ഥാന സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കുന്ന പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ക്ഷേമബോർഡിന്റെ പ്രവർത്തനം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ലാത്തൊരു പദ്ധതി കൂടിയാണ് പ്രവാസി ക്ഷേമപദ്ധതി. അംശദായമായി ചെറിയ വിഹിതവും, സംസ്ഥാന സർക്കാറിന്റെ നേരിയ വിഹിതവുമാണ് പെൻഷൻ പദ്ധതിയിലേക്ക് ലഭിക്കുന്നത്. എന്നാൽ, ക്ഷേമ പദ്ധതി കൂടുതൽ വിപുലവും, കൂടുതൽ പ്രവാസികൾക്ക് ആകർഷകമാക്കുന്നതിനും കേന്ദ്ര സർക്കാറിന്റെ ധനസഹായവും ആവശ്യമാണ്. നിലവിൽ ഒരു ക്ഷേമ പദ്ധതികളും പ്രവാസികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന്റെ പദ്ധതിയിൽ പിന്തുണ ആവശ്യമാണ്. കേന്ദ്രസർക്കാർ ഒരു ധനസഹായം നൽകുകയാണെങ്കിൽ ഇന്നുള്ളതിനേക്കാൾ കൂടുതൽ ആകർഷകമാക്കാൻ കഴിയും. ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്’ - -കെ.വി. അബ്ദുൽ ഖാദർ പറഞ്ഞു.
പ്രവാസി ക്ഷേമ നിധിയിൽ ആശങ്ക വേണ്ട
പ്രവാസി ക്ഷേമ പദ്ധതി സംവിധാനം കുറ്റമറ്റതും സുരക്ഷിതവുമാണെന്ന് കെ.വി. അബ്ദുൽ ഖാദർ വ്യക്തമാക്കി. ‘ക്ഷേമനിധി തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഉയർന്ന തട്ടിപ്പ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബോർഡാണ് പൊലീസിൽ പരാതി നൽകിയത്. ബോർഡിന് നഷ്ടമായ തുക അവരിൽനിന്നു തന്നെ ഈടാക്കിയിട്ടുണ്ട്. പ്രവാസികളുടെ പെൻഷൻ തുക സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ക്ഷേമനിധിയിൽ 8.50 ലക്ഷം അംഗങ്ങൾ; പ്രചാരണ കാമ്പയിൻ നടത്തും
ഗൾഫ് മലയാളികൾ ഉൾപ്പെടെ 8.50 ലക്ഷത്തോളം പ്രവാസികളാണ് നിലവിൽ സംസ്ഥാന സർക്കാറിന്റെ പ്രവാസി ക്ഷേമ ബോർഡിൽ അംഗങ്ങളായുള്ളതെന്ന് ബോർഡ് ചെയർമാൻ അറിയിച്ചു. 40,000ത്തോളം പേർ നിലവിൽ പെൻഷൻ കൈപ്പറ്റുന്നുണ്ട്. 3000-3500 രൂപയമാണ് നിലവിലെ മിനിമം പെൻഷൻ. പ്രവാസി ക്ഷേമ ബോർഡിന്റെയും നോർകയുടെയും പ്രവാസി കമീഷന്റെയും പ്രവർത്തനങ്ങൾ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിലേക്ക് എത്തിക്കുന്നതിനായി സംയുക്ത കാമ്പയിനും പ്രചാരണ പരിപാടികളും ആലോചിക്കുന്നതായും തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്നും കെ.വി. അബ്ദുൽ ഖാദർ പറഞ്ഞു.
ഫണ്ട് കണ്ടെത്താൻ പ്രവാസി ലോട്ടറി
പ്രവാസി ക്ഷേമനിധിയുടെ സുഗമമായ പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്താൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ചെയർമാൻ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ ലോട്ടറിയിൽ പ്രവാസി ക്ഷേമത്തിനായി പ്രവാസി ലോട്ടറി നടപ്പാക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം 16 കോടിയാണ് പെൻഷന് മാത്രമായി ബോർഡ് അനുവദിച്ചത്. എന്നാൽ, വരുമാനം ഒമ്പത് -10 കോടി വരെയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാൻ പുതിയ വരുമാന മാർഗങ്ങൾ അനിവാര്യമാണ്. അതേസമയം, അംശദായം വർധിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ക്ഷേമബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇ.എം. സുധീറിനുള്ള പൗരസ്വീകരണം വെള്ളിയാഴ്ച വൈകീട്ട് 6.30 ന് ഐ.സി.സി അശോക ഹാളിൽ നടക്കുമെന്ന് വാർത്തസമ്മേളനത്തിൽ സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അറിയിച്ചു. സ്വീകരണ സമ്മേളനം കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ വിവിധ സംഘടന നേതാക്കൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പ്രവാസിക്ഷേമബോർഡ് അംഗം ഇ.എം. സുധീർ, സംസ്കൃതി ജനറൽ സെക്രട്ടറി എ.കെ. ജലീൽ മുൻപ്രസിഡന്റ് സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.
ലൈഫ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ ഡയറക്ടർമാർക്ക് അധികാരം
ദോഹ: പ്രവാസി പെൻഷൻ വാങ്ങുന്നവർ എല്ലാവർഷവും സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനുള്ള അധികാരം പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർമാർക്കും നൽകുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ പറഞ്ഞു. പെൻഷൻ വാങ്ങുന്നവർ എല്ലാവർഷവും മാർച്ച് മാസത്തിൽ സമർപ്പിക്കേണ്ട ‘വ്യക്തി ജീവിച്ചിരിക്കുന്നു’ എന്ന് തെളിയിക്കുന്ന രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. നിലവിൽ ഇത് നാട്ടിൽ ഗസറ്റഡ് ഓഫിസർമാരാണ് സാക്ഷ്യപ്പെടുത്തുന്നത്. പ്രവാസികൾ എംബസികൾ വഴി ചെയ്യുമ്പോൾ ഫീസ് ഉൾപ്പെടെ നൽകേണ്ടി വരുന്നുണ്ട്. ഈ വിഷയം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ചെയർമാൻ ഇങ്ങനെ പ്രതികരിച്ചത്. ഇതു സംബന്ധമായി കൃത്യമായ ഉത്തരവ് ഉടൻ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.