പ്രവാസി വെൽഫെയര്‍ സർവിസ് കാർണിവൽ 29ന്
text_fieldsദോഹ: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ സേവനങ്ങളെ ഒരുമിപ്പിച്ച് സംഘടിപ്പിക്കുന്ന ‘സർവിസ് കാർണിവൽ’ നവംബര്‍ 29 വെള്ളിയാഴ്ച വക്റ ബര്‍വ്വ വില്ലേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ കാമ്പസിൽ നടക്കും.
സാമ്പത്തികം, നിക്ഷേപം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ ഒരു വ്യക്തിയുടെ പ്രവാസം സഫലമാക്കാനുള്ള സർവമേഖലകളും സർവിസ് കാർണിവലിൽ ചർച്ചചെയ്യും. സര്‍ക്കാര്‍ സര്‍ക്കാറിതര സേവന സംബന്ധമായ സ്ഥാപനങ്ങളുടെ പവിലിയനുകള്‍ കര്‍ണിവലില്‍ ഒരുക്കും. പ്രവേശനം സൗജന്യമായിരിക്കും.
വിവിധ സംഘടന, അലുമ്നി, പ്രദേശിക കൂട്ടായ്മ തുടങ്ങിയവയുടെ നേതൃത്വം വഹിക്കുന്നവര്‍ക്ക് സാമ്പത്തിക അച്ചടക്കത്തെയും നിക്ഷേപ സാധ്യതകളെയും കുറിച്ച് ശിൽപശാല സംഘടിപ്പിക്കും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിക്കുന്ന പ്രത്യേക സെഷനില്‍ കോഴ്സുകളും വിദ്യാഭ്യാസരംഗത്തെ പുതിയ അഭിരുചികളും ഇന്ത്യയിലെയും വിദേശത്തെയും പഠനസാധ്യതകളും ചര്‍ച്ച ചെയ്യും.
സ്ത്രീകള്‍ക്കായി തുടര്‍ വിദ്യാഭ്യാസ പദ്ധതികളെ പറ്റി പ്രത്യേക സെഷന് സംഘടിപ്പിക്കും. തൊഴിലന്വേഷകര്‍ക്കായി സി.വി ക്ലിനിക്കുകളും മോക് ഇന്റര്‍വ്യൂ കൗണ്ടറും കരിയര്‍ കിയോസ്കുകളും ഉണ്ടാവും.
കേന്ദ്ര-കേരള സര്‍ക്കാറുകളുടെ വിവിധ ക്ഷേമപദ്ധതികള്‍ പരിചയപ്പെടുത്താനും അംഗത്വമെടുക്കാനും സൗകര്യമൊരുക്കും. ജീവിതശൈലി രോഗങ്ങളെ കുറിച്ച ബോധവത്കരണം. ജോലി സമ്മർദം, ഏകാന്തത തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്ക് പ്രത്യേക കൗണ്‍സലിങ്, പ്രാഥമികാരോഗ്യ പരിശോധനകള്‍, ദൈനംദിന ജീവിതത്തിലെ വ്യായാമമുറകള്‍, സുംബ പരിശീലനം തുടങ്ങിയവയും കാര്‍ണിവലിന്റെ ഭാഗമായി ഒരുക്കും.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ്, ആഭ്യന്തര മന്ത്രാലയത്തിന്റേതുൾപ്പെടെയുള്ള വിവിധ പ്രദര്‍ശനങ്ങളും ശിങ്കാരിമേളം ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും ഉണ്ടാവും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ തനത് രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷണ സ്റ്റാളുകളും വീട്ടമ്മമാരുടെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടാവും.
പ്രവാസി വെല്‍ഫെയര്‍ നേതൃസംഗമത്തില്‍ സര്‍വിസ് കാര്‍ണിവലിന്റെ പ്രഖ്യാപനം നിർവഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഷീദ് അലി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റുമാരായ അനീസ് റഹ്മാന്, മജീദലി തുടങ്ങിയവര്‍ സംസാരിച്ചു. സാമ്പത്തിക വിദഗ്ധന്‍ നിഖില്‍ ഗോപാലകൃഷ്ണന്, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ എന്‍.എം. ഹുസൈന്, കരിയര്‍ വിദഗ്ധന്‍ സുലൈമാന്‍ ഊരകം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ നയിക്കുന്ന പഠന ക്ലാസുകളും പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സർവിസ് കൗണ്ടറുകളുമാണ് സർവിസ് കാർണിവലിന്റെ സവിശേഷതയെന്ന് ജനറല്‍ കണ്‍വീനര്‍ മജീദലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.