ജനവിധി പ്രതീക്ഷ ജനകം; പ്രവാസി വെൽഫെയർ ‘വോട്ടറുടെ സ്വരം’
text_fieldsദോഹ: 2024 പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ‘വോട്ടറുടെ സ്വരം’ തെരഞ്ഞെടുപ്പ് അവലോകന സദസ്സ് അഭിപ്രായപ്പെട്ടു. കുറച്ചുകൂടി സൂക്ഷ്മതയോടും ഐക്യത്തോടെയും പ്രവർത്തിച്ചാല്‍ സംഘ്പരിവാർ ശക്തികളെ അധികാരത്തിൽനിന്ന് മാറ്റി നിർത്തുക എന്നത് അസാധ്യ കാര്യമായിരുന്നില്ല. വർഗീയതയും വിഭാഗീയതയും ഇന്ത്യയുടെ ഭൂരിപക്ഷ മതേതര മനസ്സ് വെച്ച് പൊറുപ്പിക്കില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ മനോഹരമായ തിരിച്ചുവരവിന്റെ തുടക്കമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും ചർച്ച സദസ്സ് അഭിപ്രായപ്പെട്ടു. വർഗീയ കാർഡ് ഇറക്കിയ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും അതിനു നേതൃത്വം നല്‍കിയവരുടെ ഭൂരിപക്ഷങ്ങളിലെ കുത്തനെയുള്ള ഇടിവും ജനാധിപത്യത്തിന്റെ ശുഭസൂചനയാണ്. രാജ്യത്തിന്റെ ഗതി നിർണയിക്കുന്ന തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ വേണ്ടത്ര ജാഗ്രത കാണിക്കാത്തതിനാലാണ് കേരളത്തിലെ ചില മണ്ഡലങ്ങളുള്പ്പെടെയുള്ളിടങ്ങളിൽ പരാജയം സംഭവിച്ചത്. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് വരും നാളുകളില്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെടുകയും അടിസ്ഥാന വികസനം സാധാരണക്കാരില്‍ എത്തുന്ന രീതിയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ മതേതരകക്ഷികള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ജനറൽ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട്, യുവ കലാസാഹിതി കേന്ദ്ര കോഓഡിനേറ്റര്‍ സിറാജ്, വണ്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി ഷാജി ഫ്രാന്‍സിസ്, ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍, പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് ചര്‍ച്ച നിയന്ത്രിച്ചു. കറന്റ് അഫയേഴ്സ് കൺവീനർ ഷാദിയ ഷരീഫ് നന്ദി പറഞ്ഞു. മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.