മഴതേടി വിശ്വാസി സമൂഹം; അമീർ അൽ വജ്ബ പ്രാർഥന മൈതാനിയിൽ നമസ്കരിച്ചു
text_fieldsദോഹ: ചൂട് മാറി തണുപ്പിലേക്ക് പ്രവേശിച്ചതിനു പിന്നാലെ മഴക്കുവേണ്ടി ദൈവത്തിന് മുന്നിൽ പ്രാർഥനാ നിർഭരരായി രാഷ്ട്രനേതാക്കളും പൊതുജനങ്ങളും ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം. വ്യാഴാഴ്ച രാവിലെയായിരുന്നു ഖത്തറിലെ 92 പള്ളികളിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്ത അൽ വജ്ബ പ്രാർഥന മൈതാനിയിലുമായി മഴക്കുവേണ്ടിയുള്ള ഇസ്തിസ്ഖാഅ് നമസ്കാരം നടന്നത്. വ്യാഴാഴ്ച രാവിലെ 5.53ഓടെയായിരുന്നു നമസ്കാരം.
അമീറിനൊപ്പം രാജകുടുംബാംഗങ്ങളും മറ്റും നമസ്കാരത്തിൽ അണിചേർന്നു. ജുഡീഷ്യൽ സുപ്രീം കൗൺസിൽ അംഗവും സുപ്രീം കോടതി ജഡ്ജിയുമായ ശൈഖ് ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നൽകി. വിശ്വാസികൾ ദാനധർമം വർധിപ്പിക്കണമെന്നും ദൈവാനുഗ്രഹമായ മഴ ലഭിക്കാൻ ദാനം കാരണമാവുമെന്നും അദ്ദേഹം പ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു. അമീറിന്റെ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, പൊതുജനങ്ങൾ എന്നിവരും വജ്ബ മൈതാനിയിലെ നമസ്കാരത്തിൽ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.