മഴക്കുവേണ്ടിയുള്ള പ്രാർഥന ഇന്ന്; അമീർ ലുസൈലിൽ പങ്കെടുക്കും
text_fieldsദോഹ: ഇസ്ലാം മത വിശ്വാസ പ്രകാരമുള്ള മഴക്കുവേണ്ടിയുള്ള പ്രാർഥനയായ ‘ഇസ്തിസ്ഖാഅ്’ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. പള്ളികളും മൈതാനങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 110 സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ 6.05ന് നമസ്കാരം നടക്കും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിലെ മൈതാനിയിൽ പ്രാർഥന നിർവഹിക്കും.
രാജ്യത്തെ മുഴുവൻ വിശ്വാസ സമൂഹവും മഴക്ക് വേണ്ടിയുള്ള പ്രാർഥനയിൽ പങ്കെടുക്കണമെന്ന് അമീർ അറിയിച്ചു. ഇസ്തിസ്ഖാഅ്’ നമസ്കാരം നടക്കുന്ന പള്ളികളുടെയും മൈതാനങ്ങളുടെയും വിവരങ്ങൾ ഔഖാഫ് ഇസ്ലാമിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരൾച്ചയോ, മഴയെത്താൻ വൈകുമ്പോഴും മഴക്കുവേണ്ടി പ്രത്യേക നമസ്കാരവും പ്രാർഥനയും നിർവഹിക്കുക എന്ന പ്രവാചക മാതൃക പിന്തുടർന്നാണ് വിശ്വാസ സമൂഹം ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കുന്നത്.
പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ വിശ്വാസി സമൂഹം പ്രാർഥനയിൽ പങ്കെടുക്കണമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വ്രതം അനുഷ്ഠിച്ചും, ദാനധർമങ്ങൾ നടത്തിയുമാണ് പാപമോചനം തേടിയുമാണ് വിശ്വാസികൾ ‘ഇസ്തിസ്ഖാഅ്’ നമസ്കാരത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.