നാട്ടിലെത്താൻ മുൻകൂർ കോവിഡ് പരിശോധന: സാമ്പത്തികബാധ്യതയും സമ്മർദവും പേറാൻ വിധിക്കപ്പെട്ട് പ്രവാസികൾ
text_fieldsദോഹ: ഇന്ത്യയിലേക്ക് പോകുന്നവർ മുൻകൂട്ടി കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന പ്രവാസിക്ക് നൽകുന്നത് വൻസാമ്പത്തികബാധ്യതയും അതിസമ്മർദവും. ഖത്തറിലെ സർക്കാർ ആശുപത്രികളിൽ ചെറുവരുമാനക്കാർക്കും തൊഴിലാളികൾക്കും സൗജന്യമായി യാത്രാആവശ്യങ്ങൾക്കായി കോവിഡ് പരിശോധന നടത്തിയിരുന്നത് ഏെറ ആശ്വാസകരമായിരുന്നു. എന്നാൽ രാജ്യത്ത് നിലവിൽ കോവിഡ് രോഗികൾ കൂടിവരികയാണ്. ഈ സാഹചര്യത്തിൽ ഇനി മുതൽ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം പരിശോധന നടത്തിയാൽ മതിയെന്നാണ് സർക്കാർ ആശുപത്രികൾക്ക് കിട്ടിയിരിക്കുന്ന നിർദേശം. ഇതുസംബന്ധിച്ച് ഇന്നലെ 'ഗൾഫ്മാധ്യമം' വാർത്ത നൽകിയിരുന്നു.
ഇതോടെ മുൻകൂർ കോവിഡ് പരിശോധന ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകൾ രംഗത്തെത്തി. ഖത്തർ പ്രൈമറി ഹെൽത്ത് െകയർ കോർപറേഷെൻറ (പി.എച്ച്.സി.സി) ആശുപത്രികളിൽ ഞായറാഴ്ച മുതൽ യാത്രാആവശ്യങ്ങൾക്കുള്ള കോവിഡ് പരിശോധന നിർത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അതത് ആശുപത്രികൾക്ക് കഴിഞ്ഞ ദിവസം തന്നെ അറിയിപ്പ് ലഭിച്ചിരുന്നു. ഫാമിലി ഹെൽത്ത് കാർഡുള്ളവർക്ക് ഈ ആശുപത്രികളിൽ 50 റിയാൽ നിരക്കിൽ കോവിഡ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഈ സേവനം തൽക്കാലം നിർത്തിയതോടെ കുടുംബമായി താമസിക്കുന്നവർ നാട്ടിൽ പോകേണ്ട സന്ദർഭത്തിൽ വൻതുക മുടക്കി സ്വകാര്യആശുപത്രികളിൽ നിന്ന് കോവിഡ് പരിശോധന നടത്തേണ്ട സ്ഥിതിയാണ്. താഴ്ന്നവരുമാനക്കാരായ പുരുഷതൊഴിലാളികൾ, ബാച്ചിലേഴ്സ്, കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവർ, എന്നിവർക്ക് ഖത്തർ റെഡ്ക്രസൻറിെൻറ ഓൾഡ് ദോഹ പെട്രോൾ സ്റ്റേഷനടുത്തുള്ള ഫരീജ് അബ്ദുൽ അസീസ് ഹെൽത്ത് സെൻറർ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ 38ലെ ഹിമൈലിയ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിൽ യാത്രആവശ്യങ്ങൾക്കായി കോവിഡ് പരിശോധന നടത്തുന്നുണ്ട്. രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ ഇനി കോവിഡ് ലക്ഷണമുള്ളവർക്ക് മാത്രം പരിശോധന പരിമിതപ്പെടുത്താനാണ് റെഡ്ക്രസൻറ് ആശുപത്രി അധികൃതരും ആേലാചിക്കുന്നത്.
നിലവിൽ ഖത്തറിലെ 32 സ്വകാര്യആശുപത്രികളിൽ കോവിഡ് പരിശോധന നടത്താൻ കഴിയും. എന്നാൽ 350 മുതൽ 500 റിയാൽവരെയാണ് പലതിലും ഫീസ് ഈടാക്കുന്നത്. ഒരു സ്ഥാപനത്തിൽനിന്നോ മറ്റോ ഒരുമിച്ച് പോകുന്നവർക്ക് ഈ നിരക്കിൽ പല സ്ഥാപനങ്ങളും ഇളവും നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികൾ സാമ്പിളുകൾ ശേഖരിച്ച് ഹമദ് ലബോറട്ടറികളിലേക്ക് അയക്കുകയാണ് ചെയ്യുക. നിലവിൽ കോവിഡ് അടക്കമുള്ള വിവിധ പ്രതിസന്ധികളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടിയുള്ള കോവിഡ് പരിശോധനക്കായി വൻതുക മുടക്കേണ്ട അവസ്ഥയാണ് വരുന്നത്. ഒരു കുടുംബത്തിൽ രണ്ടിലധികം പേരുണ്ടെങ്കിൽ ഭീമമായ തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്.
യാത്രാആവശ്യങ്ങൾക്കുള്ള കോവിഡ് പരിശോധന നടത്തണമെങ്കിൽ വിമാനടിക്കറ്റിെൻറ രേഖകൾ കാണിക്കേണ്ടിവരുന്നുണ്ട്. പോസിറ്റിവ് ആണ് ഫലമെങ്കിൽ യാത്ര മുടങ്ങുകയും ചെയ്യും. പല വിമാനക്കമ്പനികളും റീ ഫണ്ട് നൽകുന്നില്ല, റീ ഫണ്ട് നൽകുന്നവർ വൻതുക കുറക്കുകയും ചെയ്യും. ഇനി സ്വകാര്യ ആശുപത്രികളിൽ നിന്നാണ് ടെസ്റ്റ് നടത്തുന്നതെങ്കിൽ പോസിറ്റിവ് ആയാൽ യാത്ര മുടങ്ങുന്നതിനൊപ്പം പരിശോധനയുടെ തുകയും നഷ്ടമാകും. അവസാനം നിമിഷം വരെ അനിശ്ചിതത്വത്തിൽ കഴിയേണ്ട അവസ്ഥയിലാണ് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ. ഇതിന് പുറമേ നാട്ടിലെ വിമാനത്താവളത്തിലും പരിശോധന നടത്തണം. ഇതിനാൽ തന്നെ മുൻകൂട്ടിയുള്ള കോവിഡ് പരിശോധനയെന്ന നിബന്ധന ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഗൾഫിൽ കോവിഡ് നിയന്ത്രണം കർശനം; എന്നിട്ടും മുൻകൂർ പരിശോധന നാട്ടിൽ തോന്നുംപോലെ
ദോഹ: എല്ലാവിധ കോവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നവയാണ് ഖത്തർ അടക്കമുള്ള ഗൾഫ്രാജ്യങ്ങൾ. ഖത്തറിൽ പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധവുമാണ്. നാട്ടിലാകട്ടെ കോവിഡ് ചട്ടങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. ഉത്തരവാദപ്പെട്ടവർ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പുയോഗങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെയാണ് ആളുകൾ കൂടിക്കലരുന്നത്. എന്നിട്ടും എല്ലാവിധ കോവിഡ് ചട്ടങ്ങൾ പാലിക്കുന്ന ഗൾഫ്രാജ്യങ്ങളിൽ നിന്ന് വരുന്നവർ മുൻകൂർ കോവിഡ് പരിശോധന നടത്തേണ്ടി വരുന്നത് വിരോധാഭാസമാണെന്നാണ് പ്രവാസികളുടെ അഭിപ്രായം. ഗൾഫ്രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ കഴിഞ്ഞ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തിൽ വന്നത്. യാത്രക്കാരൻ www.newdelhiairport.in എന്ന എയർ സുവിധ പോർട്ടലിൽ സത്യവാങ് മൂലം സമർപ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇൻ സമയത്ത് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരന് നാട്ടിലെ വിമാനത്താവളത്തിൽ മോളിക്കുലാർ പരിശോധനയും നടത്തും, ഈ പരിശോധന നിലവിൽ സൗജന്യമാണ്.
മുൻകൂർ പരിശോധന ഒഴിവാക്കണം -കെ.എം.സി.സി
ദോഹ: ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് നിർത്തലാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് കെ.എം.സി.സി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ദോഹയിലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണം. ഖത്തറിൽ ഹെൽത്ത് സെൻററുകളിൽ കോവിഡ് പരിശോധന നിർത്തലാക്കുകയും സ്വകാര്യ മേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ മുൻകൂർ പരിശോധന ഒഴിവാക്കാൻ എംബസി അടിയന്തര ഇടപെടലുകൾ നടത്തണം. സ്വകാര്യ മേഖലയിൽ ഇപ്പോൾ വൻതുകയാണ് കോവിഡ് പരിശോധനക്കായി ഈടാക്കുന്നത്. ഖത്തറിൽ നിന്ന് കോവിഡ് വാക്സിൻ എടുത്തവരെ അടിയന്തരമായി മുൻകൂർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം. ഗൾഫിൽ വേനലവധി തുടങ്ങാൻ പോകുകയാണ്. ഇതിനാൽ നിരവധി പേരാണ് നാട്ടിൽപോകാനുള്ളത്. ഈ സാഹചര്യത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
യാത്രാ പ്രശ്നത്തിന് പരിഹാരം കാണണം -കൾച്ചറൽ ഫോറം
ദോഹ: പ്രവാസി ഇന്ത്യക്കാരുടെ മാതൃരാജ്യത്തേക്കുള്ള യാത്രക്ക് 72 മണിക്കൂർ മുമ്പുള്ള പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയത് യാത്രാപ്രതിസന്ധി സൃഷ്ടിക്കുന്നതായി കൾച്ചറൽ ഫോറം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണ പ്രവാസികൾ പോലും വൻതുക നൽകി സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും പി.സി.ആർ ടെസ്റ്റ് നടത്തേണ്ട അവസ്ഥയാണ് വരിക. ഈ സാഹചര്യത്തിൽ ഖത്തറിൽ നിന്നും കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഇഹ്തിരാസ് ആപ്പിൽ പച്ചനിറം ഉള്ളവർക്കും പി.സി.ആർ ടെസ്റ്റ് ഇല്ലാതെ ഇന്ത്യയിലേക്ക് യാത്ര അനുവദിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യൻ എംബസി അധികൃതർക്ക് നിവേദനം കൈമാറി. ഇന്ത്യൻ സർക്കാർ സത്വരനടപടികൾ സ്വീകരിക്കണം. സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി അധ്യക്ഷത വഹിച്ചു. ശശിധരപ്പണിക്കർ , എ.ആർ. അബ്ദുൽ ഗഫൂർ, ആബിദ സുബൈർ , സുന്ദരൻ തിരുവനന്തപുരം, സജ്ജയ് ചെറിയാൻ , പി.എം. റഷീദലി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതവും സെക്രട്ടറി ഷാഫി മുഴിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.