കൊളിനയുടെ ശിക്ഷണത്തിൽ റഫറിമാരുടെ ഒരുക്കം
text_fieldsദോഹ: റഫറിയെന്ന് കേൾക്കുേമ്പാൾ ഫുട്ബാൾ ആരാധകരുടെ മനസ്സിൽ ഓടിയെത്തുന്ന ആദ്യ മുഖമാണ് ഇറ്റലിക്കാരൻ പിയർലൂയിജി കൊളിന. വെള്ളാരം കണ്ണുകളും മൊട്ടത്തലയുമായി കളിക്കളത്തിലെ ഹെഡ്മാഷ്. കൊളിന ഒന്നു നോക്കിയാൽ കളിക്കാർ മാത്രമല്ല ഗാലറിയും അനുസരണയുള്ളവരായി മാറുമെന്നാണ് ഫുട്ബാൾ ലോകത്തെ വർത്തമാനങ്ങൾ.
2022 ലോകകപ്പിനുള്ള റഫറിമാരെ ഒരുക്കാനായി കൊളിന കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറിലുണ്ട്.
വിശ്വമേളക്ക് പന്തുരുളാൻ ഒരു വർഷത്തിലേറെ കാത്തിരിപ്പുണ്ടെങ്കിലും ഫിഫ റഫറിമാരുടെ പരിശീലനം സജീവമാണ്. അതിന് നേതൃത്വം നൽകുന്നത് ഫിഫ റഫറി കമ്മിറ്റി തലവനായ പിയർലൂയിജി കൊളിനയാണ്.
ഫിഫ റഫറി ഡിപ്പാർട്മെൻറ് എക്സിക്യൂട്ടിവ് ഡയറക്ടർ മാസിമോ ബുസാക, ഖത്തർ ഫുട്ബാൾ അസോസിയേഷൻ റഫറി കമ്മിറ്റി ചെയർമാനും ഫിഫ റഫറി കമ്മിറ്റി വൈസ് ചെയർമാനുമായ ഹനി താലിബ് ബലാൻ, ക്യൂ.എഫ്.എ റഫറി എക്സിക്യൂട്ടിവ് ഡയറക്ടർ നജി ജവുനി എന്നിവരുെട നേതൃത്വത്തിലായിരുന്നു ലോകകപ്പ് റഫറിമാർക്കുള്ള പരിശീലനം.
അഞ്ചു ദിവസത്തെ റഫറിയിങ് ക്യാമ്പിനാണ് ദോഹയിൽ തുടക്കം കുറിച്ചത്. തിയറിയും പ്രാക്ടിസുമായി നീളുന്ന ക്യാമ്പിൽ ലോകത്തെ പ്രമുഖ റഫറിമാരും ഫുട്ബാൾ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. 26 റഫറിമാരും 26 അസിസ്റ്റൻറ് റഫറിമാരും ഉൾപ്പെടെ 52 മാച്ച് ഒഫീഷ്യലുകളാണ് ക്യാമ്പിലുള്ളത്. ഖത്തർ റഫറി അബ്ദുൽറഹ്മാൻ അൽ ജാസിം, അസി. റഫറി താലിബ് സലിം അൽ മറി എന്നിവരും സംഘത്തിലുണ്ട്.
ഹനി താലിബ് ബലാൻ ക്യാമ്പ് ഉദ്ഘാടനംചെയ്ത് സംസാരിച്ചു. ഖത്തർ ഫുട്ബാൾ അസോസിയേഷനിൽ ഫിഫ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഫിഫ ആർബിട്രേഷൻ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ മാസിമോ ബുസാക ക്യാമ്പിെൻറ പ്രാധാന്യം വിവരിച്ചു.
ഏറ്റവും മികച്ച രീതിയിലാണ് ക്യു.എഫ്.എയും ഖത്തർ ലോകകപ്പ് സംഘാടകരും ക്യാമ്പിനുള്ള ഒരുക്കങ്ങൾ നിർവഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തർ സർവകലാശാല ഗ്രൗണ്ടുകളെ ഉപയോഗപ്പെടുത്തിയാണ് പ്രായോഗിക പരിശീലനം. വിഡിയോ വിശകലനവും, ക്ലാസുകളുമായി ഇൻറർകോണ്ടിനെൻറൽ ഹോട്ടലിലാണ് തിയറി പരിശീലനം. വിദഗ്ധർ, മെഡിക്കൽ സംഘം, ഫിറ്റ്നസ് സ്റ്റാഫ്, ഐ.ടി, സാങ്കേതിക വിദഗ്ധർ, അഡ്മിനിസ്ട്രേറ്റിവ് വിഭാഗം തുടങ്ങിയവരെല്ലാം വർക്ഷോപ്പിൽ റഫറിമാർക്ക് മുന്നിലെത്തുന്നുണ്ട്.
വിവിധ വൻകരകളിൽനിന്നായി പങ്കെടുത്ത റഫറിമാരിൽനിന്ന് ദൈർഘ്യമേറിയ നടപടി ക്രമങ്ങൾക്കൊടുവിലാണ് 52 പേരെ തെരഞ്ഞെടുത്തത്. യുവേഫ, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ, കോൺകകാഫ്, തെക്കൻ അമേരിക്കൻ കോൺഫെഡറേഷൻ, ആഫ്രിക്കൻ കോൺഫെഡറേഷൻ എന്നിവടങ്ങളിൽ നിന്നെല്ലാമുള്ള സംഘം നിലവിലെ ക്യാമ്പിലുണ്ട്.
2023 ൽ ന്യൂസിലൻഡിലും ആസ്ട്രേലിയയിലുമായി നടക്കുന്ന ഫിഫ വനിത ലോകകപ്പിനുള്ള വനിത റഫറി വർക് ഷോപ്പ് ഏതാനും ദിവസം മുമ്പാണ് ദോഹയിൽ സമാപിച്ചത്. 20 ഓൺഫീൽഡ് ഒഫീഷ്യലുകളും, എട്ട് വാർ സ്പെഷലിസ്റ്റുകളും ഉൾപ്പെടെ 28 പേരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.