കായിക ദിനത്തിന് ഒരുങ്ങാം; മാർഗനിർദേശങ്ങളായി
text_fieldsദോഹ: അടുത്തമാസം നടക്കുന്ന ദേശീയ കായിക ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമിട്ട് കായിക ദിന കമ്മിറ്റി (എൻ.എസ്.ഡി). ഫെബ്രുവരി 11ന് നടക്കുന്ന ദേശീയ കായിക ദിനത്തിൽ ഭാഗമാകുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ കമ്മിറ്റി പുറത്തിറക്കി.
മന്ത്രാലയങ്ങൾ, സർക്കാർ ഓഫിസുകൾ, കോർപറേഷൻ ബോഡികൾ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ തുടങ്ങി ദേശീയ കായിക ദിനത്തിന്റെ ഭാഗമാവുന്നവർ തങ്ങളുടെ പരിപാടികൾ സംബന്ധിച്ച് എൻ.എസ്.ഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
www.msy.gov.qa എന്ന വെബ്സൈറ്റിലാണ് വിശദാംശങ്ങൾ സഹിതം രജിസ്റ്റർ ചെയ്യേണ്ടത്. വർണാഭമായ ആഘോഷങ്ങൾ ഒഴിവാക്കി ശാരീരിക ക്ഷമതയിൽ അധിഷ്ഠിതമായ കായിക പരിപാടികളിൽ ശ്രദ്ധയൂന്നിയാണ് പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതെന്ന് കമ്മിറ്റി നിർദേശിച്ചു. പൊതുജനങ്ങളിലും സമൂഹത്തിലും ശാരീരിക ക്ഷമത ഉറപ്പാക്കുന്ന സ്പോർട്സ് ഇനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയാണ് ദേശീയ കായിക ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, എല്ലാ വിഭാഗക്കാർക്കും ആസ്വദിച്ച് പങ്കെടുക്കാനും എന്നാൽ, മത്സരങ്ങളുടെ സമ്മർദമോ മാനസിക പിരിമുറുക്കമോ ഇല്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കായിക ദിന പരിപാടികൾക്കായി ടെന്റുകളും മറ്റുമായി താൽക്കാലിക നിർമാണങ്ങളും ഒഴിവാക്കണം. പകരം, പാർക്കുകൾ, പൊതുസ്ഥലങ്ങൾ, സ്റ്റേഡിയങ്ങളും മൈതാനങ്ങളും ഉൾപ്പെടെ സ്പോർട്സ് കേന്ദ്രങ്ങൾ എന്നിവ ഉപയോഗപ്പെടുത്തി വേണം കായിക ദിനത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ.
കായിക പരിപാടികളിൽ പൂർണ ശ്രദ്ധ പാലിച്ചുകൊണ്ടായിരിക്കണം സ്പോർട്സ് ഡേ ആഘോഷിക്കേണ്ടത്. പരിപാടികളുടെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം മാത്രം വിതരണം ചെയ്യുക, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, സമ്മാന വിതരണവും വേണ്ടതില്ല. സംഗീതം ഉൾപ്പെടെ ഷോകൾ ഒഴിവാക്കി പരമാവധി വ്യായാമം പോലുള്ള ശാരീരിക ക്ഷമത പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
മന്ത്രാലയങ്ങളും സർക്കാർ, സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ കായിക ദിനത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾ സംബന്ധിച്ച് നേരത്തേ അറിയിക്കുന്നതിലൂടെ ഇവയുടെ വിശദാംശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനും ഏകോപനം നടത്താനും സാധ്യമാവുമെന്ന് എൻ.എസ്.ഡി കമ്മിറ്റി മേധാവി അബ്ദുർറഹ്മാൻ ബിൻ മുസല്ലം അൽ ദോസരി പറഞ്ഞു. ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന കൂട്ടായ്മകൾ, സ്ഥാപനങ്ങൾ എന്നിവർക്കായി ഇത്തവണ കായിക മന്ത്രാലയം പുരസ്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.