ഖത്തറിന് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ്
text_fieldsദോഹ: റഷ്യയുടെ ആക്രമണത്തെത്തുടർന്ന് കുടുംബങ്ങളിൽ നിന്ന് ഒറ്റപ്പെട്ട കുട്ടികളെ യുക്രെയ്നിൽ തിരികെയെത്തിച്ച് ബന്ധുക്കൾക്കൊപ്പം ചേരാൻ അവസരമൊരുക്കിയ ഖത്തറിന്റെ ഇടപെടലിന് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ദോഹയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യത്ത് സമാധാനം സ്ഥാപിക്കാനും, പൗരന്മാരുടെ സംരക്ഷണത്തിനുമായി ഖത്തറിന്റെ ഇടപെടലുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചത്. ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് അമീറുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങൾ ചർച്ചചെയ്തു. രണ്ടു വർഷം പിന്നിട്ട യുദ്ധത്തിന്റെ സാഹചര്യങ്ങൾ അദ്ദേഹം അമീറുമായി പങ്കുവെച്ചു.
യുക്രെയ്നിലെ നിലവിലെ സംഭവവികാസങ്ങളും, യുദ്ധം തടയുന്നതിനും സാധാരണക്കാരെ സംരക്ഷിക്കാനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ സംബന്ധിച്ചും ചർച്ച നടത്തി. സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിന് ആശയവിനിമയത്തിന്റെ എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തണമെന്നും ചർച്ചയിൽ വ്യക്തമാക്കി. ലുസൈൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, അമീരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽഖാതിർ എന്നിവർ ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.