എമർജൻസിയിൽ പതറരുത്...പ്രാഥമിക ശുശ്രൂഷാ പരിശീലനം നൽകി ഐ.സി.ബി.എഫ്
text_fieldsദോഹ: ജോലിസ്ഥലത്തോ താമസസ്ഥലത്തോ അതുമല്ലെങ്കിൽ യാത്രക്കിടയിലോ ഒപ്പുമുള്ള ഒരാൾക്ക് ഹൃദയാഘാതമോ സ്ട്രോക്കോ ഉൾപ്പെടെ ശാരീരിക അവശതകൾ നേരിട്ടാൽ എന്തുചെയ്യും? ഉടനടി നൽകാനാവുന്ന പ്രാഥമിക ശുശ്രൂഷകൾ സംബന്ധിച്ച അറിവു പകരുന്നതായിരുന്നു ഐ.സി.ബി.എഫ് സംഘടിപ്പിച്ച പരിശീലന ക്യാമ്പ്. സി.പി.ആർ, പ്രഥമ ശുശ്രൂഷ ഉൾപ്പെടുന്ന പരിചരണങ്ങളിൽ നൽകിയ പരിശീലനത്തിൽ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽപെട്ടവർ പങ്കെടുത്തു. താമസസ്ഥലങ്ങളിലോ മറ്റോ ആർക്കെങ്കിലും ഹൃദയാഘാതംപോലുള്ള അത്യാഹിത സന്ദർഭം നേരിടേണ്ടിവന്നാൽ സ്വീകരിക്കേണ്ട പ്രാഥമികനടപടികൾ പ്രായോഗികമായി കാണിച്ചുകൊണ്ടുള്ള ക്യാമ്പ് പങ്കെടുത്തവർക്ക് വളരെ ഉപകാരപ്രദമായി.
ഐ.സി.ബി.എഫിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന, 40ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായി. ഗൾഫ്നാടുകളിൽ വർധിച്ചുവരുന്ന ഹൃദയാഘാതത്തെക്കുറിച്ചും പ്രവാസികൾ അവരുടെ ആരോഗ്യപരിപാലനത്തിൽ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. ഹൃദയാഘാതംപോലുള്ള സന്ദർഭങ്ങളിൽ പകച്ചുനിൽക്കാതെ എത്രയും പെട്ടെന്ന് എമർജൻസി ആംബുലൻസ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും, ഇത്തരം സന്ദർഭങ്ങളിൽ ആദ്യ നിമിഷങ്ങൾ വളരെ നിർണായകമാണെന്നും ക്യാമ്പിന് നേതൃത്വം നൽകിയ ഹമദ് ഇന്റർനാഷനൽ ട്രെയിനിങ് സെന്റർ പരിശീലകൻ അബ്ദുൽ ലത്തീഫ് ചേരാപ്പയ് പറഞ്ഞു.ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതം പറഞ്ഞു. ഐ.സി.ബി.എഫ് സെക്രട്ടറിയും കോഓഡിനേറ്ററുമായ മുഹമ്മദ് കുഞ്ഞി നന്ദി അറിയിച്ചു.
ഹമദ് മെഡിക്കൽ സെന്ററിലെ സിദ്ദീഖ് അജീസ് ഖാൻ, സൗമ്യ ബോബി, സതീഷ് മുനിരത്നം എന്നിവരുൾപ്പെട്ട ടീമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ട്രഷറർ കുൽദീപ് കൗർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, ശങ്കർ ഗൗഡ്, ഉപദേശക സമിതി അംഗം ടി. രാമശെൽവം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.