സ്വദേശിവത്കരണം: യോഗ്യരില്ലെങ്കിൽ മുൻഗണന ഖത്തരി വനിതകളുടെ മക്കൾക്ക്
text_fieldsദോഹ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട കൂടുതൽ വ്യവസ്ഥകൾ ഔദ്യോഗിക ഗസറ്റിലൂടെ അധികൃതർ പങ്കുവെച്ചു. കഴിഞ്ഞ ദിവസമാണ് നീതിന്യായ മന്ത്രാലയം നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.
സ്വകാര്യ സ്ഥാപനങ്ങളിലെ നിർദിഷ്ട ജോലിക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാർഥികളില്ലെങ്കിൽ ഖത്തരി വനിതകളുടെ കുട്ടികൾക്ക് മുൻഗണന നൽകണമെന്ന് നിയമം നിർദേശിക്കുന്നു. ഒക്ടോബർ 17ന് ഗസറ്റിൽ പ്രഖ്യാപിച്ചതിനു പിറകെ ആറു മാസം വരെയാണ് നിയമം നടപ്പാക്കാൻ കാലാവധിയുള്ളത്.
അതേസമയം, ഖത്തർ എനർജിക്കുകീഴിലെ കമ്പനികൾക്ക് നിയമം ബാധകമായിരിക്കില്ല. പെട്രോളിയം , പെട്രോകെമിക്കൽ വ്യവസായ മേഖലയിലെ പര്യവേക്ഷണം, ഫീൽഡ് ഡെവലപ്മെന്റ്, പ്രൊഡക്ഷൻ ഷെയറിങ് കരാറുകൾ, ജോയന്റ് വെഞ്ച്വർ കരാറുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കമ്പനികൾക്കും നിയമം ബാധകമായിരിക്കില്ല.
നിയമലംഘകർക്ക് വൻ തുക പിഴയും തടവുമാണ് ചട്ടപ്രകാരം നിർദേശിക്കുന്നത്. വഞ്ചനാപരമായ നടപടികൾ സ്വീകരിക്കുക, തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ മൂന്നുവർഷം തടവും പത്തു ലക്ഷം റിയാൽവരെ പിഴയും ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.