ഹോഴ്സ് ഫെസ്റ്റിവലിന് സമ്മാനതുക 40 കോടി രൂപ!
text_fieldsദോഹ: ഫെബ്രുവരി ഒന്നു മുതൽ 11 വരെ കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനിൽ നടക്കുന്ന മൂന്നാമത് കതാറ ഇന്റർനാഷനൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലിൽ മൊത്തം പ്രൈസ് മണി 1.78 കോടി റിയാൽ (ഏകദേശം 40കോടി രൂപ). ഫെസ്റ്റിവലിനുള്ള ഒരുക്കം പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.
2022ലേതുപോലെ ഇക്കുറിയും ഫെസ്റ്റിവൽ മൂന്നു ഘട്ടങ്ങളായാണ് അരങ്ങേറുക. പെനിൻസുല ഷോ ഫെബ്രുവരി ഒന്നുമുതൽ നാലുവരെയും അറേബ്യൻ കുതിര ലേലം ഫെബ്രുവരി ഏഴിനും ടൈറ്റിൽ ഷോ ഫെബ്രുവരി എട്ടുമുതൽ 11 വരെയും നടക്കും. കുതിരകൾക്കുള്ള വിശ്രമ സ്ഥലം, വേദി, ഇവന്റ് ടെന്റ് എന്നിവ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്ത സീസണിൽ ഫെസ്റ്റിവൽ കേമമായിരിക്കുമെന്നും മികവുറ്റ അറേബ്യൻ കുതിരകൾ പങ്കെടുക്കാനെത്തുമെന്നും കതാറ ഹോഴ്സ് ഫെസ്റ്റിവൽ അധികൃതർ കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ലേലത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 31 ആണ്. 500 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്ന വ്യക്തികൾക്ക് kiahf.qa എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഈ വർഷം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന കുതിരകളുടെ ഉടമകൾക്ക് രാജ്യത്തേക്കുള്ള എൻട്രി വിസയ്ക്ക് kiahf-registration.katara.net എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.
ഇതുവരെ 38 കുതിരകളാണ് ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രാദേശിക, രാജ്യാന്തര അറേബ്യൻ കുതിര ചാമ്പ്യൻഷിപ്പുകളിൽ താൽപര്യം വളർത്തുന്നതിനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ കതാറ അധികൃതർ വ്യക്തമാക്കി. കുതിരകളെ വിൽക്കാനും വാങ്ങാനും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമൊരുക്കുകയും ഉന്നമിടുന്നു.
ബ്രീഡിങ്ങിൽ ഉയർന്ന നിലവാരം പിന്തുടരാൻ ബ്രീഡർമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അറേബ്യൻ കുതിര വർഗങ്ങളെ സംരക്ഷിക്കാനും നിലനിർത്താനുമുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് കരുത്തുനൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതും തങ്ങളുടെ ലക്ഷ്യങ്ങളിൽപെട്ടതാണെന്നും ഫെസ്റ്റിവൽ അധികൃതർ പറയുന്നു. ടൈറ്റിൽ ഷോയ്ക്കും പെനിൻസുല ഷോയ്ക്കുമുള്ള റിംഗ്മാസ്റ്റർമാരായി ഈജിപ്തിൽ നിന്നുള്ള ഡോ. മുഹമ്മദ് ഹമ്മാദ്, ഡോ. മുഹമ്മദ് മുഹ്സിൻ എന്നിവരെ ഫൗണ്ടേഷൻ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.