ലാഭംകൊയ്ത് ബലദ്ന
text_fieldsദോഹ: അർധവാർഷിക കണക്കെടുപ്പിൽ 86 ദശലക്ഷം റിയാലിൻെറ ലാഭം കൊയ്ത് ഖത്തറിൻെറ പാൽ ഉൽപാദക കമ്പനിയായ ബലദ്ന. 2021ൽ ജൂൺ 30 വരെയുള്ള അർധവർഷത്തെ സാമ്പത്തിക റിപ്പോർട്ടിലാണ് ബലദ്ന വരവുെചലവ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. 381 ദശലക്ഷം റിയാലാണ് ആറു മാസത്തെ ആകെ വിറ്റുവരവ്. ഉൽപാദനം കൂട്ടിയും വിപണിയിലെ പങ്കാളിത്തം വർധിപ്പിച്ചുമാണ് മികച്ചനേട്ടം കൊയ്തത്.
മുൻവർഷത്തെ അപേക്ഷിച്ച് 13 ദശലക്ഷം റിയാലിൻെറ അധികലാഭം ഇക്കുറി രേഖപ്പെടുത്തി. 2020 ജനുവരി മുതൽ ജൂൺവരെയുള്ള അർധവാർഷിക റിപ്പോർട്ട് പ്രകാരം 386 ദശലക്ഷം റിയാലായിരുന്നു ആകെ വിറ്റുവരവ്. ലാഭം 73 ദശലക്ഷം റിയാലും. ഇക്കുറി, ആകെ വരുമാനം കുറഞ്ഞെങ്കിലും ലാഭവിഹിതം വർധിപ്പിച്ചാണ് മികവ് പ്രകടിപ്പിച്ചത്. 18 ശതമാനമാണ് അധിക ലാഭം.ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിൻെറ പാൽ-പാലുൽപന്നങ്ങളിൽ മുൻനിരക്കാരായി മാറിയ ബലദ്നയുടെ സ്വീകാര്യത നാൾക്കുനാൾ വർധിക്കുന്നതാണ് അർധവാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
42 ദശലക്ഷം റിയാലായിരുന്നു ഈ വർഷത്തെ പാദവാർഷിക റിപ്പോർട്ടിലെ ലാഭം. ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങൾ എത്തിക്കുന്നതിലൂടെയും പാൽ-ഇതര ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയും വിപുലീകരിക്കുന്നതിലൂടെയും ഖത്തറിലെ ഏറ്റവും വിശ്വസനീയമായ പോഷക ഭക്ഷണങ്ങളുടെയും ആരോഗ്യകരമായ പാനീയങ്ങളുടെയും ബ്രാൻഡായി മാറുന്നതിനും ഓഹരിയുടമകളുടെ മൂല്യം നൽകുന്നതിനും ബലദ്ന പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.