പ്രോജക്ട് ഖത്തറിന് തുടക്കം; സജീവമായി ഇന്ത്യൻ പവിലിയൻ
text_fieldsദോഹ: ഖത്തറിലെ ഏറ്റവും വലിയ വ്യാപാര പ്രദർശനമായ പ്രോജക്ട് ഖത്തറിൽ ശ്രദ്ധേയ സാന്നിധ്യമായി ഇന്ത്യ. 25 രാജ്യങ്ങളിൽ നിന്ന് 120ഓളം അന്താരാഷ്ട്ര കമ്പനികളും, 130 ഖത്തരി കമ്പനികളും പങ്കെടുക്കുന്ന 20ാമത് പ്രൊജക്ട് ഖത്തർ വ്യാപാര മേളയിൽ ഇത്തവണ 40 ഇന്ത്യൻ കമ്പനികളാണ് പങ്കെടുക്കുന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച മേള മേയ് 30 വരെ തുടരും. മേളയിലെ ഇന്ത്യൻ പവിലിയൻ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാറിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിനു കീഴിൽ നിന്നുള്ള 20ഓളം ഇന്ത്യൻ കമ്പനികളും ഖത്തറിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള 20ഓളം കമ്പനികളുമാണ് പ്രൊജക്ട് ഖത്തറിലെ ഇന്ത്യൻ പവിലിയനിൽ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളുമായി അണിനിരക്കുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) ഏകോപനത്തോടെയാണ് മന്ത്രാലയത്തിനു കീഴിലുള്ള കമ്പനികളുടെ പങ്കാളിത്തം. ഖത്തറിലെ വ്യാപാര-വ്യവസായികളുടെ കൂട്ടായ്മയായ ഐ.ബി.പി.സി, കേരള ബിസിനസ് ഫോറം എന്നിവയും സഹകരിക്കുന്നുണ്ട്.
ഖത്തറിലെയും മേഖലയിലെയും വ്യവസായ, ബിസിനസ് മേഖലകളിൽ നിന്നുള്ളവരെ ഇന്ത്യൻ പവലിയൻ സന്ദർശിക്കാനും, കെട്ടിട നിർമാണ, ഉൽപാദന മേഖലകളിലെ സാമഗ്രികൾ അറിയാനും വ്യാപാര സാധ്യതകൾ ഉപയോഗപ്പെടുത്താനും ക്ഷണിക്കുന്നതായും അംബാസഡർ അറിയിച്ചു. കെട്ടിട നിർമാണ സാമഗ്രികൾ, നിർമാണ വസ്തുക്കൾ, എം.ഇ.പി സർവിസ്, ആർകിടെക്ചറൽ ഡിസൈൻ തുടങ്ങിയ മേഖലയിൽ നിന്നുള്ളതാണ് ഇന്ത്യൻ പവിലിയനിൽ പ്രവർത്തിക്കുന്നവയിൽ ഏറെയും. ഇന്ത്യയും ഖത്തറും തമ്മിലെ വ്യാപാര-വാണിജ്യ മേഖലയിലെ വൻ സാധ്യതകളിലേക്ക് കൂടി വാതിൽ തുറക്കുന്നതാവും പ്രോജക്ട് ഖത്തറിലെ സാന്നിധ്യം. ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയാണ് പ്രോജക്ട് ഖത്തർ ഉദ്ഘാടനം നിർവഹിച്ചത്. നിർമാണ, സാങ്കേതിക, ഉപകരണ മേഖലകളിൽ നിന്നുള്ള അന്താരാഷ്ട്ര -പ്രാദേശിക കമ്പനികളുടെ സാന്നിധ്യമാണ് ഇത്തവണത്തെ പ്രോജക്ട് ഖത്തറിന്റെ സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.