നിർമാണമേഖലയുടെ പുതുമകളുമായി പ്രോജക്ട് ഖത്തർ
text_fieldsദോഹ: നിർമാണമേഖലയിലെ നൂതനസങ്കേതങ്ങളും അറിവുകളുമായി പ്രോജക്ട് ഖത്തർ പ്രദർശനം ദോഹ എക്സിബിഷിൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പുരോഗമിക്കുന്നു.
തിങ്കളാഴ്ച തുടക്കം കുറിച്ച 19ാമത് പ്രോജക്ട് ഖത്തർ പ്രദർശനം വ്യാഴാഴ്ച സമാപിക്കും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച പ്രദർശനം വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല ആൽഥാനി ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാൽ) പങ്കാളിത്തത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയം നടത്തുന്ന പ്രദർശനത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 325ഓളം കമ്പനികളാണ് പങ്കെടുക്കുന്നത്. ഇവയിൽ 120ഓളം അന്താരാഷ്ട്ര കമ്പനികളും ഉണ്ട്. എട്ട് രാജ്യങ്ങളുടെ ഔദ്യോഗിക പവിലിയനുകളും 200 പ്രാദേശിക കമ്പനികളും പ്രദർശനത്തിൽ സജീവമായി പങ്കെടുക്കുന്നു. സർക്കാർ, അർധ സർക്കാർ കമ്പനികളും സ്വകാര്യ മേഖലയിലെ മുൻനിര കമ്പനികളും തങ്ങളുടെ നിർമാണ മേഖലകളിലെ പദ്ധതികളും ആശയങ്ങളുമായി പ്രൊജക്ട് ഖത്തറിൽ ഭാഗമാകുന്നുണ്ട്.
അതിവേഗത്തിൽ വളരുന്ന നിർമാണ മേഖലയുടെ, പരിസ്ഥിതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ നൂതന ആശയങ്ങളും വിവിധ കമ്പനികൾ പ്രൊജക്ട് ഖത്തറിൽ അവതരിപ്പിക്കുന്നുണ്ട്. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായ പുതുമയുള്ള നിർമാണ വിപണിയും വിവിധ പവലിയനുകൾ അനാവരണം ചെയ്യുന്നു. ഒപ്പം, വിവിധ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചകളും ഉണ്ട്.
കഴിഞ്ഞ 19 വർഷങ്ങളിൽ ഓരോ തവണയും പ്രൊജക്ട് ഖത്തർ പുതുമയുള്ള ട്രെൻഡുകളാണ് അവതരിപ്പിച്ചതെന്നും, ഖത്തറിന്റെയും പുതിയ വിപണി മുഖം പ്രതിഫലിപ്പിക്കുന്നതായും ഐ.എഫ്.പി ഖത്തർ ജനറൽ മാനേജർ ഹൈദ മിഷൈമേഷ് പറഞ്ഞു.
മേഖലയിലെതന്നെ ഏറ്റവും ശ്രദ്ധേയമായ നിർമാണ പ്രദർശനം എന്ന നിലയിൽ അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന പരിപാടി കൂടിയാണ് പ്രൊജക്ട് ഖത്തർ. പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ 30 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും പങ്കെടുത്തിരുന്നു. ഉച്ച രണ്ട് മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് പ്രദർശന വേദിയിലേക്ക് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.