സൈബറിടം സൂക്ഷിക്കുക; കെണിയിൽ വീഴരുത്
text_fieldsദോഹ: സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ കൂടുതൽ അവബോധമുള്ളവരായിരിക്കണമെന്ന് ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. സാമ്പത്തിക, സൈബർ കുറ്റകൃത്യ വിരുദ്ധ വകുപ്പുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് വിഭാഗം ‘സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധരീതികളും’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാറിലാണ് സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഖത്തർ പ്രാദേശികതലത്തിലും ആഗോളതലത്തിലും മികച്ച ശ്രമങ്ങൾ നടത്തുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി സാമ്പത്തിക, സൈബർ കുറ്റകൃത്യ വിരുദ്ധ വകുപ്പിലെ ഫസ്റ്റ് ലെഫ്. ജാസിം സംസാരിച്ചു.
വിവരസാങ്കേതിക വിദ്യയോ വിവര സംവിധാനമോ ഇൻറർനെറ്റോ ഉപയോഗിച്ച് 2014ലെ ഖത്തരി സൈബർ ക്രൈം പ്രിവൻഷൻ 14ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുള്ള പ്രവർത്തനങ്ങളെല്ലാം ഇതിന് കീഴിൽ വരുമെന്നും ഫസ്റ്റ് ലെഫ്. ജാസിം പറഞ്ഞു.
ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലെ തുടർച്ചയായ വർധനയും വ്യാപാര കൈമാറ്റം ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നത് അധികരിച്ചതും സൈബർ അപകടസാധ്യതകൾക്ക് ഇരയായേക്കാവുന്ന ഉപയോക്താക്കളുടെ വർധനവിന് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗത കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. ഹാക്കിങ്, വഞ്ചന, ചൂഷണം, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കൽ എന്നിവയിൽ മാത്രമൊതുങ്ങുന്നതല്ല സൈബർ കുറ്റകൃത്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്ലാക്ക് മെയിലിങ്ങിനെക്കുറിച്ചും അതിനുള്ള ശിക്ഷയെക്കുറിച്ചും ബ്ലാക്ക്മെയിലിങ്ങിന് വിധേയരായാൽ പൊതുജനങ്ങൾക്ക് എങ്ങനെ സഹായം തേടാമെന്നും വെബിനാറിൽ വിശദീകരിച്ചു.
നിരവധി ആളുകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിലൊന്നായാണ് ബ്ലാക്ക്മെയിലിങ്ങിനെ കണക്കാക്കുന്നത്. 2014ലെ 14ാം നമ്പർ നിയമപ്രകാരം ഇത് ഖത്തറിൽ ശിക്ഷാർഹമാണെന്നും കുറ്റവാളികൾക്ക് മൂന്ന് വർഷംവരെ തടവും ലക്ഷം റിയാൽവരെ പിഴയും ചുമത്തപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്ലാക്ക്മെയിലിങ്ങിന് ഇരയാകുമ്പോൾ കുറ്റവാളിയോട് പ്രതികരിക്കരുതെന്നും എല്ലാ ആശയവിനിമയ ഉപാധികളിൽനിന്നും ശൃംഖലകളിൽ നിന്നും അവരെ തടയണമെന്നും ഓർമിപ്പിച്ച അദ്ദേഹം, ഇ-മെയിൽ, മെട്രാഷ്-2 വഴിയോ ഓഫിസിൽ നേരിട്ടെത്തിയോ സൈബർ സെല്ലിനെ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടു. സൈബർ കുറ്റകൃത്യങ്ങളെ നേരിടുന്നതിനുള്ള അടിസ്ഥാന മാർഗമാണ് പ്രതിരോധവും അവബോധവുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.