ന്യൂനപക്ഷ സംരക്ഷണം; യൂറോപ്പിനെതിരെ കടുത്ത വിമർശനവുമായി ഖത്തർ
text_fieldsദോഹ: ഇസ്ലാമോഫോബിയയിൽ യൂറോപ്യൻ രാജ്യങ്ങളുടെ സമീപനത്തിനെതിരെ ശക്തമായി ഭാഷയിൽ ആഞ്ഞടിച്ച് ഖത്തർ. ഖുർആൻ കത്തിക്കുന്നത് തുടർക്കഥയാകുമ്പോഴും യൂറോപ്പിന്റെ സമീപനം പരിഹാസ്യമാണെന്നും ദുരൂഹതയുണ്ടെന്നും ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ വ്യക്തമാക്കി. യൂറോപ്പിലെ മറ്റു ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ നിയമനിർമാണങ്ങൾ തുടരുന്ന സാഹചര്യത്തിലും മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഉത്തരവാദിത്തമില്ലായ്മയും ലുൽവ അൽ ഖാതിർ തുറന്നുകാട്ടി.
ചില രാജ്യങ്ങളിൽ മുസ്ലിംകൾക്കെതിരായ മതവിദ്വേഷ പ്രസംഗങ്ങൾ തടയുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ്. അതേസമയം തന്നെ അവർ സ്വയം നിർവചിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി ഓരോ ദിവസവും പുതിയ നിയമങ്ങളും പ്രസ്താവനകളുമിറക്കുന്നുമുണ്ടെന്നും അൽ ഖാതിർ ചൂണ്ടിക്കാട്ടി. യു.എൻ മനുഷ്യാവകാശ കൗൺസിൽ മതവിദ്വേഷം പ്രകടിപ്പിക്കുന്നതിനെതിരായി സംഘടിപ്പിച്ച അടിയന്തര ചർച്ചയിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മറ്റു ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നിയമങ്ങളും പ്രസ്താവനകളും അവതരിപ്പിക്കുന്നതുപോലെ ഇസ്ലാമോഫോബിയ നിർത്തുന്നതിനുള്ള നടപടികളും ഇതേ രാജ്യങ്ങളിൽനിന്നുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. ‘ഒരു വശത്ത് ഇസ്ലാമോഫോബിയക്കെതിരെയും മുസ്ലിംകൾക്കെതിരായ മതവിദ്വേഷങ്ങൾക്കെതിരെയും മിണ്ടാതിരിക്കുമ്പോഴും യഹൂദവിരുദ്ധ പ്രസംഗങ്ങളും പ്രവൃത്തികളും നിർത്തലാക്കുന്നതുൾപ്പെടെയുള്ള നടപടികൾ അവരിൽ നിന്നുണ്ടാകുന്നു.
ഈ ഇരട്ടത്താപ്പ് നയം അവർ മനഃപൂർവം സ്വീകരിക്കുന്നതാണെന്നതിനുള്ള നിരവധി ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് യഹൂദവിരുദ്ധ പ്രവൃത്തികൾക്കെതിരായ നിയമനടപടി. ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന പ്രവൃത്തികളിലും മുസ്ലിംകൾക്കെതിരായ മതവിദ്വേഷങ്ങളിലും ഇത്തരം സമാനമായ ഒരു സൂക്ഷ്മപരിശോധന അവർ നടത്തുന്നില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നു’ -അവർ വിശദീകരിച്ചു. അതേസമയം, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ വിഷയങ്ങളിൽ ഈ രാജ്യങ്ങൾ വലിയ ഊന്നലാണ് നൽകുന്നത്. ഒരു ചെറിയ പ്രശ്നത്തെപ്പോലും എങ്ങനെ വളച്ചൊടിക്കാമെന്ന് അവർ തെളിയിക്കുന്നു -അൽ ഖാതിർ വ്യക്തമാക്കി.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളിൽ ഭൂതക്കണ്ണാടിയോടെയാണ് സമീപിക്കുന്നത്. ഒരു വ്യക്തിയിൽ മാത്രം സംഭവിക്കുന്ന കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കുന്നുവെന്നും ഈ രാജ്യങ്ങളിലെ സർക്കാറുകളെ വരെ മാറ്റാൻ ആവശ്യപ്പെടുന്നുവെന്നും -ലുൽവ അൽ ഖാതിർ തുറന്നടിച്ചു. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതും മതവിദ്വേഷ പ്രവൃത്തികൾ, വിവേചനം എന്നിവക്കെതിരെ നിലപാട് സ്വീകരിക്കുന്നതും രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ഉത്തരവാദിത്തമായാണ് ഖത്തർ കാണുന്നതെന്നും അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.