ഫിറ്റ്നസിലേക്ക് വഴിതുറക്കട്ടെ, ‘ഖത്തർ റൺ’
text_fieldsപി.എസ്. ജീന
ഖത്തറിൽ ഞാൻ ഇതുവരെ വന്നിട്ടില്ല. എങ്കിലും ഖത്തറിനെ ഒരുപാടു കണ്ടെന്നതുപോലെ കേട്ടിട്ടുണ്ട്. എന്റെ സഹോദരനും കുടുംബവും രണ്ടു വർഷമായി അവിടെയാണ് താമസിക്കുന്നത്. മാതാപിതാക്കളും മുമ്പ് അവിടെയായിരുന്നു. ഖത്തറിന്റെ സ്പോർട്സ് കൾചർ ഏറെ പ്രശസ്തമാണ്. നിരവധി പാർക്കുകളും അവിടെയൊക്കെ ജോഗിങ് ട്രാക്കുകളും ഉള്ളതായി എനിക്കറിയാം. വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളും ജിം സൗകര്യങ്ങളുമൊക്കെ പാർക്കുകളിലടക്കം പൊതുവായിത്തന്നെ സ്ഥാപിച്ചിട്ടുമുണ്ട്. ജനങ്ങളുടെ ആരോഗ്യത്തെയും കായികക്ഷമതയെയുമൊക്കെ ഖത്തർ ഏറെ വിലമതിക്കുന്നുവെന്നതിന്റെ തെളിവാണത്. കായികമായ അടിസ്ഥാന സൗകര്യങ്ങളിൽ ഖത്തർ ഏറെ മുൻപന്തിയിലാണെന്നാണ് എന്റെ തോന്നൽ. വളരെ ചെറിയ രാജ്യമാണെങ്കിലും ബാസ്കറ്റ്ബാളിൽ ഖത്തർ ഏറെ മികവു കാട്ടുന്നവരാണ്. മികച്ച പുരുഷ ടീം അവർക്കുണ്ട്. വർഷങ്ങൾക്കു മുമ്പേ പ്രഫഷനൽ ബാസ്കറ്റ്ബാൾ ലീഗിന് തുടക്കമിട്ട രാജ്യമാണ് ഖത്തർ. ഖത്തറിൽ ജോലിയെടുക്കുന്ന പ്രവാസികളിൽ വലിയൊരു പങ്ക് മലയാളികളാണ്. സ്വന്തം കാര്യങ്ങളൊക്കെ മറന്ന് നാടിനും വീടിനും വേണ്ടി ജോലിചെയ്യുന്ന പ്രവാസികൾക്ക് ഫിറ്റ്നസ് കാര്യങ്ങളിലൊന്നും ശ്രദ്ധ പുലർത്താൻ സമയം കിട്ടാറില്ല. അതിനാൽ, ഖത്തർ റൺ പോലെയുള്ള പരിപാടികൾ വളരെയേറെ പ്രാധാന്യമർഹിക്കുന്നവയാണ്. സ്വന്തം ആരോഗ്യംപോലും മറന്ന് ജോലിചെയ്യുന്ന പ്രവാസികൾക്കിടയിൽ ഫിറ്റ്നസിന്റെ പ്രാധാന്യം ഉയർത്തുന്ന സന്ദേശം ഉയർത്തിപ്പിടിക്കാനും അവർക്ക് പ്രചോദനമേകാനും ഖത്തർ റൺ വഴിയൊരുക്കുന്നുവെന്നതിൽ സംശയമില്ല. അതിന് ചുക്കാൻ പിടിക്കുന്ന ‘ഗൾഫ് മാധ്യമം’ പ്രശംസയർഹിക്കുന്നു.
ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം ആരോഗ്യപരമായി ഒരുപാട് വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. അതുകൊണ്ട്, ദിവസത്തിൽ ഏറ്റവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വ്യായാമത്തിനായി ചെലവഴിക്കേണ്ടതുണ്ട്. ജോഗിങ്ങോ യോഗയോ ടർഫിലെ ഫുട്ബാൾ കളിയോ പോലെ എന്തായാലും മതി. മത്സരാധിഷ്ഠിതമായ കായിക ഇവന്റുകളിൽ മാത്രമല്ല, ആരോഗ്യപരമായ പുരോഗതിക്കായി ലഭ്യമാവുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തണം. ഖത്തർ റണ്ണിന്റെ വേദി അതിനുള്ള വലിയ അവസരമായി ഉപയോഗപ്പെടുത്തണം. ഒരു ദിവസത്തേക്ക് മാത്രമാകാതെ അതൊരു ലൈഫ് സ്റ്റൈൽ ആയി മാറ്റാൻ ശ്രമിക്കണം. വ്യായാമം ചെയ്യുന്നതും കായികക്ഷമത നിലനിർത്തുന്നതും നല്ല ഫുഡ് ഹാബിറ്റ്സും ഒരു ജീവിതരീതിയായിട്ടെടുക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു. ഖത്തർ റണ്ണിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

