മലിനീകരണമില്ലാതെ പൊതുഗതാഗതം
text_fieldsദോഹ: അന്തരീക്ഷമലിനീകരണമോ കാർബൺ പുറന്തള്ളലോ ഇല്ലാത്ത രാജ്യം എന്ന ലക്ഷ്യവുമായി ഖത്തർ മുന്നോട്ട്. അതിൻെറ ഭാഗമായി മുവാസലാത്തിൻെറ ഇലക്ട്രിക് ബസ് ചാർജിങ് സ്റ്റേഷൻ ഗതാഗത, കമ്യൂണിക്കേഷൻ മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈതി ഉദ്ഘാടനം ചെയ്തു. അതിനിടെ, ഇതേ ദിവസംതന്നെ 2022 ഫിഫ ലോകകപ്പ് ലക്ഷ്യമിട്ട് ഗതാഗതമന്ത്രാലയം ഇറക്കുമതി ചെയ്ത ആദ്യ ബാച്ച് ഇലക്ട്രിക് ബസുകളും രാജ്യത്തെത്തി. കാർബൺ പുറന്തള്ളാത്തതും പരിസ്ഥിതിസൗഹൃദവുമായി പൊതുഗതാഗത സംവിധാനമൊരുക്കുന്നതിൻെറ ഭാഗമായാണ് 'കർവ'യുടെ കീഴിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ സർവിസിന് ഒരുങ്ങുന്നത്. 350 കിലോവാട്ട് ലിഥിയം അയേൺ ബാറ്ററിയുള്ളതാണ് പുതിയ ബസുകൾ. ഒരുതവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ ദൂരം ഓടാൻ കഴിയും.
പൊതുവാഹന ഗതാഗതസംവിധാനം കൂടുതൽ ഇലക്ട്രിക് അനുബന്ധമാക്കിമാറ്റാനുള്ള ഗതാഗത മന്ത്രാലയത്തിൻെറ പ്രവർത്തനങ്ങളിൽ നിർണായകമാണ് ബസ് ചാർജിങ് പോയൻറുകൾ സ്ഥാപിച്ചതിലൂടെ യാഥാർഥ്യമാവുന്നത്. 2030ഓടെ ഖത്തറിൻെറ പൊതുഗതാഗതത്തിൽ ഇലക്ട്രിക് ബസുകൾ നിർണായക സാന്നിധ്യമായി മാറുമെന്നും മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈതി പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി രാജ്യവ്യാപകമായി പൊതുഗതാഗത സംവിധാനത്തിൻെറ ലഭ്യത ഉറപ്പാക്കുകയാണ് മന്ത്രാലയത്തിൻെറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ചാർജിങ് സ്റ്റേഷൻെറ ഉദ്ഘാടനച്ചടങ്ങിൽ ലോകകപ്പ് സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ഹസ്സൻ അബ്ദുല്ല അൽ തവാദി, 'അഷ്ഗാൽ' പ്രസിഡൻറ് ജനറൽ ഡോ. എൻജിനീയർ സാദ് ബിൻ അഹ്മദ് അൽ മുഹന്നദി, ഖത്തർ ജനറൽ ഇലക്ട്രിസിറ്റി -ആൻഡ് വാട്ടർ കോർപറേഷൻ (കഹറാമ) പ്രസിഡൻറ് എൻജിനീയർ ഈസ്സ ബിൻ ഹിലാൽ അൽ കുവാരി, ചൈന അംബാസിഡർ സു ജിയാൻ എന്നിവർ പങ്കെടുത്തു. ഇലക്ട്രിക് കാറുകൾക്കായുള്ള രാജ്യത്തെ ഏറ്റവും വേഗതയേറിയ ചാർജർ കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) കഴിഞ്ഞ ദിവസം കതാറയിൽ സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.