വിജയം ഊർജമായി; ഖത്തർ റീലോഡഡ്
text_fieldsദോഹ: സ്വന്തം മണ്ണിൽ വേദിയൊരുക്കിയ ലോകകപ്പിൽ പന്തു തട്ടിയതിന്റെ തുടർച്ചയായി അമേരിക്കൻ മണ്ണിലേക്ക് കളിച്ച് യോഗ്യത നേടാനൊരുങ്ങുന്ന ഖത്തറിന് ആത്മവിശ്വാസം പകർന്ന് ഉസ്ബകിസ്താനെതിരായ ജയം.
മൂന്നാം റൗണ്ടിലെ ഗ്രൂപ് ‘എ’ യിൽ തോൽവിയും സമനിലകളുമായി പ്രതിസന്ധിയിലായ ഖത്തർ കോച്ച് മാർക്വേസ് ലോപസിന് മുന്നോട്ടുള്ള കുതിപ്പിൽ ഊർജമാകുന്നതാണ് കഴിഞ്ഞ രാത്രിയിൽ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നേടിയ 3-2ന്റെ തകർപ്പൻ ജയം.
പ്രതിരോധവും, ഒത്തിണക്കവുമുള്ള മുന്നേറ്റവും, ചടുലമായ ആക്രമണവും സന്നിവേശിപ്പിച്ച കളിയിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് ഖത്തറിന്റെ വിജയം കുറിച്ച മൂന്നാംഗോൾ പിറന്നത്. ഗ്രൂപ്പിലെ ആറാമത്തെ മത്സരത്തിൽ നവംബർ 19ന് യു.എ.ഇയെ അവരുടെ നാട്ടിൽ നേരിടുമ്പോൾ ഖത്തറിന്റെ തയാറെടുപ്പുകൾക്ക് ഈ ജയം ഊർജവുമാവും.
യു.എ.ഇ കഴിഞ്ഞ രാത്രിയിൽ കിർഗിസ്താനെ 3-0ത്തിന് തോൽപിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയിലെ അടുത്ത മത്സരത്തിൽ വിജയം നേടിയാൽ ഖത്തറിന് ഗ്രൂപ്പിൽ നിർണായക ലീഡ് നേടാൻ കഴിയും. നിലവിൽ ഇരു ടീമുകളും ഏഴ് പോയന്റുമായി മൂന്നും നാലും സ്ഥാനത്താണുള്ളത്.
യോഗ്യത റൗണ്ടിൽ നിർണായകമായ മൂന്ന് പോയന്റാണ് മികച്ച പ്രകടനത്തിലൂടെ ടീം സ്വന്തമാക്കിയതെന്നായിരുന്നു കോച്ച് മാർക്വേസ് ലോപസിന്റെ പ്രതികരണം.‘കളിയുടെ എല്ലാ ഘടകങ്ങളിലും മേധാവിത്വം നേടി. അവസരങ്ങൾ ഒരുക്കുകയും, ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടുകയും ചെയ്തു.
മധ്യനിരയിൽ ഏകോപനത്തോടെ കളിക്കാനും, എതിരാളിയുടെ ആക്രമണങ്ങളെ ചെറുക്കാനും കഴിഞ്ഞു. അടുത്ത ലക്ഷ്യം അബൂദബിയിൽ യു.എ.ഇക്കെതിരായ മത്സരമാണ്. ഉസ്ബകിസ്താനെതിരായ വിജയം ടീമിന് ആദ്യ രണ്ടു സ്ഥാനങ്ങൾ നേടാമെന്ന പ്രതീക്ഷ നൽകുന്നു’ -മത്സരശേഷം നടന്ന വാർത്തസമ്മേളനത്തിൽ കോച്ച് പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ മത്സരമായിരുന്നു ഉസ്ബകിനെതിരായ കളിയെന്ന് ഇരട്ടഗോൾ നേടിയ അൽ മുഈസ് അലി പറഞ്ഞു. ‘ആദ്യ പകുതിയിൽ രണ്ട് ഗോൾ നേടിയ ശേഷം രണ്ടാം പകുതിയിൽ കൂടുതൽ സങ്കീർണമായി. വീഴ്ചകൾ ടീമിനെ പിന്നോട്ടു വലിച്ചെങ്കിലും തളരാതെ പോരാടിയത് അവസാന മിനിറ്റിൽ വിജയഗോളിലേക്ക് വഴിയൊരുക്കി. വിലപ്പെട്ട മൂന്ന് പോയന്റ് ടീമിന് ജയിക്കാനുള്ള മികവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അവസാനം വരെ പിന്തുണച്ച ആരാധകർക്ക് നന്ദി’ -അൽ മുഈസ് അലി പറഞ്ഞു.
യസീദിക്ക് പരിക്ക്; യൂസുഫ് ടീമിൽ
ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിൽ ചൊവ്വാഴ്ച യു.എ.ഇയെ നേരിടാനുള്ള ഖത്തർ ടീമിൽ പരിക്കേറ്റ അബ്ദുല്ല അൽ യസീദിക്ക് പകരം അബ്ദുല്ല യൂസുഫിനെ ഉൾപ്പെടുത്തി കോച്ച് മാർക്വേസ് ലോപസ്. ഉസ്ബകിസ്താനെതിരായ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കിനെ തുടർന്നാണ് യസീദിയെ ഒഴിവാക്കിയത്. ആറാഴ്ചവരെ താരത്തിന് വിശ്രമം വേണ്ടിവരുമെന്ന് ക്യു.എഫ്.എ അറിയിച്ചു. നവംബർ 19ന് അബൂദബിയിലാണ് അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.