ഖത്തർ: ഫലസ്തീനിലേക്ക് സഹായ വിമാനങ്ങൾ
text_fieldsദോഹ: ഗസ്സയിലേക്ക് അവശ്യ വസ്തുക്കളെത്തിക്കാൻ ‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’ സംരംഭത്തിന് ഖത്തർ ചാരിറ്റി തുടക്കം കുറിച്ചു. പ്രാദേശിക സമൂഹത്തിന് സ്വന്തമായി സാമ്പത്തിക പിന്തുണ നൽകാനും സഹായ പാക്കേജുകളുടെ ഭാഗമാകാനും കഴിയുന്ന രീതിയിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
ഖത്തർ ചാരിറ്റിയുടെ വൺ ഹാർട്ട് ശീതകാല കാമ്പയിന് കീഴിൽ നടക്കുന്ന ഈ സംരംഭം, ഗസ്സയുൾപ്പെടെയുള്ള ഫലസ്തീൻ പ്രദേശങ്ങളിലെ സഹോദരങ്ങൾക്കായി സഹായമെത്തിക്കുന്നതിനുള്ള ദോഹയിലെ പ്രാദേശിക സമൂഹത്തിന്റെ ശ്രമഫലമായാണ് സംഘടിപ്പിക്കുന്നത്.
ശൈത്യകാലം കൂടി ആരംഭിച്ചതു കണക്കിലെടുത്ത് അടിയന്തര മാനുഷിക സാഹചര്യങ്ങളെ നേരിടാനും അവരെ സഹായിക്കുന്നതിനും ഖത്തറിലെ വിവിധ സമൂഹങ്ങൾക്ക് അവസരം നൽകാൻ ലക്ഷ്യമിടുന്നതായി ഖത്തർ ചാരിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.അതേസമയം, 60 മുതൽ 100 വരെ സഹായ ട്രക്കുകൾ ഈജിപ്ത് വഴി ഗസ്സയിലേക്ക് പതിവായി കടന്നുപോകുന്നുണ്ടെങ്കിലും യുദ്ധത്തിനു മുമ്പുള്ള ശരാശരിയായ 500 ട്രക്ക് ലോഡിനേക്കാൾ വളരെ കുറവാണിത്.
ചൊവ്വാഴ്ച വരെ ഖത്തർ ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലേക്ക് 43 സഹായ വിമാനങ്ങൾ അയച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
ഖത്തറിന്റെ അടിയന്തര ദുരിതാശ്വാസ പദ്ധതികളിൽനിന്ന് 9.36 ലക്ഷം പേർ ഗുണഭോക്താക്കളാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ചാരിറ്റിയിലെ എമർജൻസി ആൻഡ് റിലീഫ് വിഭാഗം മേധാവി ഖാലിദ് അൽ യാഫിഈ പറഞ്ഞു.
ഫലസ്തീനുവേണ്ടി എന്ന തലക്കെട്ടിൽ ഖത്തർ ഫൗണ്ടേഷനിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഖത്തർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സൗഹൃദ മത്സരം സംഘടിപ്പിക്കുന്നുണ്ട്. സൗഹൃദ മത്സരത്തിന്റെ ടിക്കറ്റ് വരുമാനം ചാരിറ്റിയുടെ പുതിയ സംരംഭത്തിനുള്ള ധനസഹായമായി നൽകും. നിരവധി അറബ് ഫുട്ബാൾ താരങ്ങളും ഇതിഹാസങ്ങളും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ഇൻഫ്ലുവൻസർമാരും സൗഹൃദ മത്സരത്തിൽ പങ്കെടുക്കും.
എല്ലാ മേഖലകളിലും കുടിവെള്ളം, ഭക്ഷണം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ പ്രത്യേകിച്ചും ഫലസ്തീനിലെ മാനുഷിക സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരമൊരു സംരംഭത്തിന് പ്രാധാന്യമേറെയാണെന്ന് ഖത്തർ ചാരിറ്റി ഹെൽത്ത് കെയർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മീഡിയ സെക്ടർ സി.ഇ.ഒ അസിസ്റ്റന്റ് അഹ്മദ് യൂസഫ് ഫഖ്റൂ പറഞ്ഞു.
എങ്ങനെ സംഭാവന നൽകാം
ഖത്തർ ചാരിറ്റി അതിന്റെ വെബ്സൈറ്റിലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും സംഭാവനകളർപ്പിക്കാനും സഹായ പാക്കേജുകളിൽ പങ്കാളികളാകുന്നതിനും വേണ്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.
സംരംഭത്തിൽ പങ്കാളികളാകുന്നതിന് കതാറയിൽ സെന്റ് റെജിസ് ഹോട്ടലിന് എതിർവശത്തോ ദോഹ എക്സ്പോയിലെ ഇന്റർനാഷനൽ സോണിലെ ഖത്തർ ചാരിറ്റിയുടെ കേന്ദ്രങ്ങളിലോ നേരിട്ട് എത്തി സംഭാവനകൾ നൽകാം. ഡിസംബർ 15 വരെ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സംഭാവനകൾ സ്വീകരിക്കുക.
ഖത്തർ ചാരിറ്റിയുടെ വെബ്സൈറ്റ് വഴിയും സംഭാവനകൾ സ്വീകരിക്കാൻ ഹോം കലക്ടർമാരോട് അഭ്യർഥിച്ചും സംഭാവനകൾ നൽകാനുള്ള അവസരവും ഖത്തർ ചാരിറ്റി ഒരുക്കിയിട്ടുണ്ട്. 44290000 ഹോട്ട്ലൈൻ വഴിയും ഉദാരമതികൾക്ക് സംഭാവനകൾ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.