റമദാനിൽ ഖത്തർ ചാരിറ്റിക്ക് തുണ; കൈകോർത്ത് ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsദോഹ: ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായി ഖത്തർ ചാരിറ്റിയുമായി തുടർച്ചയായി ഏഴാം വർഷവും കൈകോർത്ത് ലുലു ഹൈപ്പർ മാർക്കറ്റ്.
വ്രതവിശുദ്ധിയുടെ റമദാൻ മാസം വിരുന്നെത്തിയതിനു പിന്നാലെ ഖത്തർ ചാരിറ്റിയും ലുലു ഹൈപ്പർ മാർക്കറ്റും തങ്ങളുടെ സഹകരണ പങ്കാളിത്തം പുതുക്കി പുതിയ കരാറിൽ ഒപ്പുവെച്ചു. പരിധികളില്ലാത്ത ദാനം എന്ന ലക്ഷ്യവുമായി ഷോപ്പ് ആൻഡ് ഡൊണേറ്റ് പദ്ധതിയിലൂടെ ഖത്തർ ചാരിറ്റിയിലേക്ക് സഹായങ്ങൾ ഒഴുകുന്ന ‘എൻഡ്ലസ് ഗിവിങ്’ പദ്ധതിക്കാണ് ഇത്തവണ ലുലു ഗ്രൂപ് ഇന്റർനാഷനൽ ഒരുങ്ങുന്നത്.
സാമൂഹിക ഉത്തരവാദിത്തമെന്ന നിലയിൽ അർഹരായ വിഭാഗങ്ങളിലേക്ക് സഹായമെത്തിക്കുന്ന ഖത്തർ ചാരിറ്റിയുടെ മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനുള്ള ലുലു ഹൈപ്പർ മാർക്കറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ചാരിറ്റി പങ്കാളിത്തം സ്ഥാപിക്കുന്നത്.
ഖത്തർ ചാരിറ്റിയുമായി ചേർന്നുള്ള പദ്ധതിയിലേക്ക് കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവയെയും പങ്കുചേർക്കുന്നതിനായി വിപുലമായ മാർക്കറ്റിങ് ചാനലുകൾ ഉപയോഗപ്പെടുത്തും.
അതിനു പുറമെ, ലുലു ഹൈപ്പർ മാർക്കറ്റ് ‘ഷോപ്പ് ആൻഡ് ഡൊണേറ്റ്’ സംരംഭത്തിലൂടെ ശേഖരിക്കുന്ന സംഭാവനകൾ ഉൾക്കൊള്ളുന്ന നിശ്ചിത തുക ഖത്തർ ചാരിറ്റിയിലേക്ക് സംഭാവന ചെയ്യും.
റമദാനിലെ ‘ഷോപ്പ് ആൻഡ് ഡൊണേറ്റ്’ വഴി സൂപ്പർമാർക്കറ്റ്, ഡിപ്പാർട്മെന്റ് സ്റ്റോർ വിഭാഗങ്ങളിൽനിന്നും ആയിരത്തിലധികം ഉൽപന്നങ്ങൾ വാങ്ങി ഉപഭോക്താക്കൾക്ക് ഖത്തർ ചാരിറ്റിയുടെ ജീവകാരുണ്യത്തിന്റെ ഭാഗമാകാം. ഇതിൽ നിന്നുള്ള ഒരു വിഹിതമാണ് ഖത്തർ ചാരിറ്റിയുടെ ‘എൻഡ്ലെസ് ഗിവിങ്’ ഡ്രൈവിലേക്ക് നീക്കിവെക്കുന്നത്.
ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ ചാരിറ്റി റിസോഴ്സ് ഡെവ. ആൻഡ് മീഡിയ സെക്ടർ സി.ഇ.ഒ അസിസ്റ്റന്റ് അഹമ്മദ് യൂസുഫും ലുലു ഹൈപ്പർ മാർക്കറ്റ് ഖത്തർ റീജനൽ മാനേജർ ഷാനവാസ് പടിയത്തും കരാറിൽ ഒപ്പുവെച്ചു. ചാരിറ്റി പങ്കാളിത്ത പരിപാടിയിൽ ലുലുവുമായി പങ്കുചേരാനുള്ള തീരുമാനത്തെ ഖത്തർ ചാരിറ്റി പ്രതിനിധി അഭിനന്ദിച്ചു. രാജ്യത്തിനകത്തെയും പുറത്തെയും കമ്പനികളും വ്യക്തികളും ഖത്തർ ചാരിറ്റിയുടെ റമദാൻ ഡ്രൈവിൽ പങ്കുചേരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
ലുലു ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും പ്രതിഫലനമാണ് ഈ പങ്കാളിത്തമെന്ന് ഷാനവാസ് പടിയത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.