ഖത്തർ എയർവേസ് യുവേഫയുമായി കരാർ പുതുക്കി
text_fieldsദോഹ: യൂനിയൻ ഓഫ് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻസുമായി (യുവേഫ) കരാർ പുതുക്കി ഖത്തർ എയർവേസ്. യുവേഫയുടെ എല്ലാ പുരുഷ ദേശീയ ടീം മത്സരങ്ങളുടെയും ഔദ്യോഗിക എയർലൈൻ പങ്കാളിയായി ഖത്തർ എസ്വേസ് തുടരും. ജർമനിയിൽ വെള്ളിയാഴ്ച ആരംഭിച്ച യൂറോ കപ്പിലെ പ്രധാന സ്പോൺസർമാരിലൊന്നാണ് ഖത്തർ എയർവേസ്. ഔദ്യോഗിക എയർലൈൻ പങ്കാളി എന്ന നിലയിൽ ആയിരക്കണക്കിന് ഫുട്ബാൾ ആരാധകരെ ജർമനിയിലേക്ക് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. 170ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസുള്ള കമ്പനി ജർമനിയിലെ ഹാംബർഗിലേക്ക് കൂടി ജൂലൈ ഒന്നുമുതൽ സർവിസ് ആരംഭിക്കും. കായിക മേഖലക്ക് ഖത്തർ എയർവേസ് പിന്തുണയും പരിഗണനയും നൽകിയിട്ടുണ്ട്. ഫോർമുല വൺ, ഫിഫ, ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ, പാരീസ് സെന്റ് ജെറമൈൻ (പി.എസ്.ജി), ഇന്റർനാഷനൽ മിലാനോ, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, കോൺകാഫ്, എഫ്.ഐ.എ വേൾഡ് എൻഡ്യൂറൻസ് എന്നിവയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയാണ് ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി.
അയൺമാൻ ട്രയാത്തലൺ സീരീസ്, യുനൈറ്റഡ് റഗ്ബി ചാമ്പ്യൻഷിപ്, യൂറോപ്യൻ പ്രഫഷനൽ ക്ലബ് റഗ്ബി, ആസ്ട്രേലിയൻ ഫുട്ബാൾ, കുതിര സവാരി, കൈറ്റ് സർഫിങ്, മോട്ടോർ റേസിങ്, പാഡൽ, സ്ക്വാഷ്, ടെന്നീസ് തുടങ്ങി വൈവിധ്യമാർന്ന കായിക മേഖലകളിൽ ഖത്തർ എയർവേസിന്റെ സ്പോൺസർഷിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.