ഖത്തർ എയർവേസ് ബഹുദൂരം മുന്നിൽ
text_fieldsവെബ് സമ്മിറ്റിൽ ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ സംസാരിക്കുന്നു
ദോഹ: വ്യോമയാന മേഖലയിൽ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ് ഖത്തർ എയർവേസിന്റെ സ്ഥാനമെന്ന് വ്യക്തമാക്കി ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജി. ബദർ മുഹമ്മദ് അൽ മീർ. പുതിയ സാങ്കേതിക വിദ്യകളും ഏറ്റവും മികച്ച യാത്രാനുഭവങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുകയാണ് ഖത്തർ എയർവേസ്.
വർഷങ്ങൾ മുന്നിൽക്കണ്ടാണ് ഞങ്ങളുടെ ആസൂത്രണങ്ങൾ. കഴിഞ്ഞ കാലങ്ങൾക്കിടയിൽ നടപ്പിലാക്കിയ ഓരോ പദ്ധതികളിലും ഈ ദീർഘ വീക്ഷണം കാണാനാവും. എതിരാളികളേക്കാൾ കുറഞ്ഞത് 10 ചുവടുകൾ മുന്നിലാണ് ഞങ്ങൾ -വെബ് സമ്മിറ്റിൽ എയർലൈൻ മേഖലയിലെ സാങ്കേതിക കുതിപ്പ് സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
നാലു മാസം മുമ്പ് നടപ്പാക്കിയ സ്റ്റാർലിങ്ക് ഇന്റർനെറ്റ് പദ്ധതിയിപ്പോൾ, യാത്രക്കാർ അനുഭവിച്ചുതുടങ്ങി. അടുത്ത 10, 15, 20 വർഷങ്ങളിൽ യാത്രക്കാരുടെ അനുഭവം എങ്ങനെ ഉയർത്താം എന്നതിനെക്കുറിച്ചാണ് ഞങ്ങളുടെ ചിന്തകൾ -അദ്ദേഹം പറഞ്ഞു.
ഇതിനകം ഖത്തർ എയർവേസിന്റെ 30 ബോയിങ് 777 എയർക്രാഫ്റ്റുകളിൽ സ്റ്റാർലിങ്ക് വൈഫൈ സേവനം ലഭ്യമാക്കിക്കഴിഞ്ഞു. ഈ വർഷം മേയ് മാസത്തോടെ 777 വിമാനങ്ങൾ മുഴുവനായും സ്റ്റാർലിങ്ക് വൈഫൈ ബന്ധിതമായിത്തീരും. വരുംവർഷങ്ങളിൽ മറ്റു വിമാനങ്ങളിലേക്കും ഇത് ലഭ്യമാക്കും.
ഡ്രീംലൈനർ 787,350 എയർക്രാഫ്റ്റുകളിലും ആദ്യമായി സ്റ്റാർലിങ്ക് വൈഫൈ സേവനം ലഭ്യമാക്കുന്ന എയർലൈൻസായി ഖത്തർ എയർവേസ് മാറും. അത്യാധുനിക സാങ്കേതിക സൗകര്യവും, മികച്ച സേവനവും കൂടുതൽ കണക്ടിവിറ്റിയും വാഗ്ദാനം ചെയ്യുന്ന ഖത്തർ എയർവേസ് 2.0 ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.