എയർലിങ്ക് ഓഹരികൾ സ്വന്തമാക്കി ഖത്തർ എയർവേസ്
text_fieldsദോഹ: ദക്ഷിണാഫ്രിക്കയുടെ മുൻനിര വിമാനക്കമ്പനിയായ എയര്‍ ലിങ്കിന്റെ 25 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്. ആഫ്രിക്കന്‍ വന്‍കരയില്‍ ഖത്തർ എയർവേസിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൻ നിക്ഷേപത്തോടെ ദക്ഷിണാഫ്രിക്കൻ വിമാന കമ്പനിയിലെ പങ്കാളിത്തം.
ദക്ഷിണാഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിമാനക്കമ്പനിയായ എയര്‍ ലിങ്ക് നിലവില്‍ 15 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 45 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. 25 ശതമാനം ഓഹരികൾ സ്വന്തമാക്കിയെന്ന് വാർത്ത സമ്മേളനത്തിൽ ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ അറിയിച്ചു. എന്നാൽ, നിക്ഷേപതുക വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ റെഗുലേറ്ററി അപ്രൂവല്‍ ലഭിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
ആഫ്രിക്കൻ വൻകരയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള ഖത്തർ എയർവേസിന്റെ വ്യാപനവും ഭാവി ബിസിനസ് വളർച്ചയുമാണ് നിർണായകമായ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ എയര്‍ ലിങ്ക് സി.ഇ.ഒ റോജര്‍ ഫോസ്റ്ററും പങ്കെടുത്തു. എയര്‍ ലിങ്കിന്റെ 14 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ടംഗങ്ങളാണ് ഖത്തര്‍ എയര്‍വേസിൽ നിന്നുണ്ടാവുക. പങ്കാളിത്തത്തോടെ എയര്‍ ലിങ്കുമായി
കോഡ് ഷെയര്‍ കരാറും ഖത്തര്‍ എയര്‍വേസിനുണ്ട്. നിലവിൽ ആഫ്രിക്കയിലെ 29 നഗരങ്ങളിലേക്ക് ഖത്തർ എയർവേസ് സർവിസ് നടത്തുന്നുണ്ട്. 2019 ല്‍ റുവാണ്ട എയറിന്റെ ഓഹരികൾ ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയിരുന്നു. റുവാണ്ടയിലെ പുതിയ വിമാനത്താവളത്തിലും ഖത്തര്‍ എയര്‍വേസിന് കാര്യമായ പങ്കാളിത്തമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.