ഭാവി പദ്ധതികൾ വിശദീകരിച്ച് ഖത്തർ എയർവേസ്നിക്ഷേപക സംഗമം
text_fieldsദോഹ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 610 കോടി ഖത്തർ റിയാലിന്റെ റെക്കോഡ് ലാഭം സൃഷ്ടിച്ച് ഖത്തർ എയർവേസ്. ആകെ വരുമാനം 8100 കോടി റിയാലിലേക്കും ഉയർത്തിയതായി ദോഹയിൽ നടന്ന വാർഷിക നിക്ഷേപക സംഗമത്തിൽ അറിയിച്ചു. വാണിജ്യ, കാർഗോ വിമാനങ്ങൾ ഉൾപ്പെടെ 94 ബോയിങ് 777 എക്സ് വിമാനങ്ങൾക്ക് പുതുതായി ഓർഡറും നൽകി.
പ്രമുഖ ഏവിയേഷൻ ബാങ്കർമാർ, ഇൻഷുറൻസ് കമ്പനികൾ, കരാർ കമ്പനികൾ തുടങ്ങിയ ഖത്തർ എയർവേസിന്റെ പങ്കാളികളെയും നിക്ഷേപകരെയും ഒരുമിപ്പിച്ച് നടത്തിയ സംഗമത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
‘ചലനാത്മകവും സുസ്ഥിരവുമായ പങ്കാളിത്തത്തിന്റെ പുതിയ യുഗം’ എന്ന തലക്കെട്ടിലായിരുന്നു സംഗമം.സാമ്പത്തിക നില, രാജ്യാന്തര സർവിസുകളുടെ വിപുലീകരണം, എയർലൈൻസുകളുടെ എണ്ണം വർധിപ്പിക്കൽ, സുസ്ഥിരത ശ്രമങ്ങൾ എന്നിവ യോഗത്തിൽ അവതരിപ്പിച്ചു.
ഉപഭോക്താക്കളെയും ജീവനക്കാരെയും തങ്ങളുടെ ഹൃദയത്തിൽ സ്ഥാപിക്കുന്നതിലൂടെ വരും വർഷങ്ങളിലും തുടർച്ചയായ വളർച്ചയും മികവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. നവീകരണം, സുസ്ഥിരത, സഹകരണം എന്നിവയാണ് ദീർഘകാലാടിസ്ഥാനത്തിൽ ഖത്തർ എയർവേസിന്റെ ലക്ഷ്യമെന്നും അൽ മീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.