സീറോ വേസ്റ്റ് ലക്ഷ്യത്തിൽ മാതൃകയായി ഖത്തർ എയർവേസ് കാറ്ററിങ്
text_fieldsദോഹ: പ്രതിവർഷം 17 ലക്ഷം കിലോഗ്രാം ഖരമാലിന്യങ്ങൾ പുനരുപയോഗം ചെയ്ത് ഖത്തർ എർവേസ് കാറ്ററിങ് കമ്പനി (ക്യൂ.എ.സി.സി) സുപ്രധാന പാരിസ്ഥിതിക നാഴികക്കല്ല് പിന്നിട്ടു. കൂടാതെ ആഗോളതലത്തിൽ അർഹരായവർക്ക് ലക്ഷത്തിലധികം ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനങ്ങൾ, 47000ലധികം പുതപ്പ്, തുണിത്തരങ്ങൾ എന്നിവയും ക്യൂ.എ.സി.സി വിതരണം ചെയ്തു.
2030ഓടെ മാലിന്യനിർമാർജനം സീറോ വേസ്റ്റിലെത്തിക്കാനുള്ള ഖത്തർ എയർവേസിന്റെ ലക്ഷ്യത്തിൽ നിർണായകമാണ് ഈ നേട്ടമെന്ന് 2022-2023 സാമ്പത്തിക വർഷത്തിലേക്കുള്ള വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നവീകരണ പ്രവർത്തനങ്ങളിൽ പൂർണമായും ഓട്ടോമേറ്റഡ്, സുസ്ഥിര വ്യവസായിക ഉപകരണങ്ങൾ സംയോജിപ്പിക്കുന്നതും കാറ്ററിങ് കമ്പനിയുടെ പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ഇത് ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതോടൊപ്പം ഡെലിവറി കാര്യക്ഷമത ഉയർത്തുകയും ഉൽപാദനശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ക്യൂ.എ.സി.സിയുടെ പ്രധാന മുൻഗണന വിഷയമായി തുടരുന്നതിനിടെയാണ് ഈ നേട്ടങ്ങൾ. കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിന് നൂതനമായ പരിഹാരമാർഗങ്ങളും ക്യൂ.എ.സി.സി തേടുന്നുണ്ട്. ഗ്രീൻ ബിൽഡിങ് മാനദണ്ഡങ്ങൾ സ്വീകരിക്കുക, അത്യാധുനിക കാറ്ററിങ് സൗകര്യങ്ങളിൽ ഊർജക്ഷമതാ ഉപകരണങ്ങൾ ഉപയോഗിക്കുക, ജലം, ഊർജം, ജലം, ഡിറ്റർജന്റുകൾ എന്നിവ സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ വാഷിങ് സംവിധാനങ്ങളും റഫ്രിജറേഷൻ യൂനിറ്റുകളും സ്ഥാപിക്കുക എന്നിവയും ഇതിലുൾപ്പെടുന്നു.
കാർഷികമേഖലയിൽ മുന്നേറ്റം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സംവിധാനങ്ങളോടെ വെർട്ടിക്കൽ ഫാമിങ് സാങ്കേതികവിദ്യയാണ് ഖത്തർ എയർവേസ് കാറ്ററിങ് കമ്പനി പിന്തുടരുന്നത്. കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതോടൊപ്പം വിമാനത്തിലേക്കുള്ള ഇലക്കറി ഉൽപന്നങ്ങളുടെ സുസ്ഥിര വിതരണം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു. പേപ്പർ ഉപയോഗം കുറക്കുന്നതിന് ക്രൂ ഹാൻഡ് ഓവർ ഷീറ്റുകൾ, ഡെലിവറി നോട്ടുകൾ, ക്രിട്ടിക്കൽ കൺട്രോൾ പോയന്റ് രേഖകൾ എന്നിവയിൽ ക്യൂ.എ.സി.സി ഓട്ടോമേഷൻ പ്രക്രിയയാണ് പിന്തുടരുന്നത്. ഇത് കൂടാതെ യൂറോ-ആറ് എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 65 പുതിയ കാറ്ററിങ് ഹൈ ലോഡറുകളും കമ്പനി അവതരിപ്പിച്ചു.
ഖത്തർ എയർവേസിന്റെ റിപ്പോർട്ട് പ്രകാരം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ അത്യാധുനിക അടുക്കളയിലും ബേക്കറിയിലുമായി പ്രതിദിനം 70 അന്താരാഷ്ട്ര പാചകരീതികളിലായി 175,000 ഭക്ഷ്യവിഭവങ്ങളാണ് തയാറാക്കുന്നത്. 2002 ആഗസ്റ്റിൽ ആരംഭിച്ച ക്യൂ.എ.സി.സി ഖത്തർ എയർവേസ്, ഇന്റർനാഷനൽ എയർലൈനുകൾ, ഹബ് ലോഞ്ചുകൾ, എച്ച്.ഐ.എയിലെ പ്രത്യേക വി.വി.ഐ.പി ഫ്ലൈറ്റുകൾ എന്നിവക്കായി ഇൻ-ഫ്ലൈറ്റ് കാറ്ററിങ് സേവനം നൽകിവരുന്നു.69000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ക്യൂ.എ.സി.സി ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമാറ്റഡ് സൗകര്യങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.