ഫോബ്സ് ട്രാവൽ, ടൂറിസം നേതാക്കളുടെ പട്ടികയിൽ ഖത്തർ എയർവേസ് സി.ഇ.ഒ
text_fieldsദോഹ: ഫോബ്സ് മിഡിലീസ്റ്റ് പുറത്തിറക്കിയ ട്രാവൽ, ടൂറിസം മേഖലയിലെ മികച്ച 100 നേതാക്കളുടെ പട്ടികയിൽ മുൻനിരയിൽ ഇടം പിടിച്ച് ഖത്തർ എയർവേസ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ. ഫോബ്സ് പട്ടികയിൽ നാലാമതായി ഇടം നേടിയ ബദർ മുഹമ്മദ് അൽമീർ 2023 നവംബറിലാണ് ഖത്തർ എയർവേസ് സി.ഇ.ഒ ആയി സ്ഥാനമേറ്റത്. നേരത്തെ ഒരു പതിറ്റാണ്ടിലേറെ കാലം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസറായിരുന്നു എൻജി. അൽമീർ.
മരുഭൂ പ്രദേശങ്ങൾ മുതൽ മനോഹരമായ പർവതങ്ങൾ വരെയുള്ള മിഡിലീസ്റ്റ് മേഖലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതയെയും ലോക സഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കുന്ന മേഖലയുടെ സാംസ്കാരിക സമൃദ്ധിയെയും ഫോർബ്സ് റിപ്പോർട്ടിൽ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഖത്തർ ആഭ്യന്തര മന്ത്രാലയവും ഖത്തർ ടൂറിസവും 2023ലെ സാമ്പത്തിക വർഷത്തിൽ ഖത്തറിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ നാല് ദശലക്ഷത്തിലധികം പേർ ഖത്തർ സന്ദർശിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു. 2022ൽ നിന്നും 58 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
പട്ടികയിൽ കതാറ ഹോസ്പിറ്റാലിറ്റി സി.ഇ.ഒ മതാർ അൽ കുവാരി 14ാം സ്ഥാനത്തെത്തി. ദോഹയിലെ റിറ്റ്സ് കാൾട്ടൻ, പാരിസിലെ പെനിൻസുല, സിംഗപ്പൂരില ഐക്കണിക് റാഫിൾസ് ഹോട്ടൽ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഹോട്ടലുകളാണ് കതാറ ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായുള്ളത്. അൽ റയ്യാൻ ടൂറിസം ഇൻവെസ്റ്റ്മെന്റ് കമ്പനി (ആർട്ടിക്) മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ താരിക് എൽ സഈദ് പട്ടികയിൽ 26ാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.