ഖത്തർ എയർവേയ്സ് ഇന്ത്യക്കായി മെഡിക്കൽ വസ്തുക്കൾ ശേഖരിക്കുന്നു
text_fieldsദോഹ: ഖത്തറിൽ നിന്ന് ഇന്ത്യക്കായി കോവിഡ് സഹായങ്ങൾ സ്വരൂപിക്കാൻ ഖത്തർ എയർവേയ്സിൻെറയും ഗൾഫ് വെയർഹൗസിങ് കമ്പനി(ജി.ഡബ്ല്യു.സി)യുടെയും സംയുക്ത പദ്ധതി. സഹായങ്ങൾ ശേഖരിക്കുകയും ഇത് ഖത്തർ എയർവേയ്സ് കാർഗോവിമാനത്തിൽ സൗജന്യമായി ഇന്ത്യയിൽ എത്തിക്കുകയും ചെയ്യും. സഹായവസ്തുക്കൾ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്കാണ് കൈമാറുക. അതിലൂടെ കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ ഇന്ത്യക്കാർക്ക് ആശ്വാസം നൽകുകയുമാണ് ലക്ഷ്യം. വ്യക്തികൾക്കും ഖത്തറിലെ വിവിധ കമ്മ്യൂണിറ്റികൾക്കും മെഡിക്കൽ വസ്തുക്കൾ സംഭാവനയായി നൽകാം.
സംഭാവനയായി സ്വീകരിക്കുന്ന മെഡിക്കൽ വസ്തുക്കൾ
വെൻറിലേറ്ററുകൾ, ഓക്സിജൻ കണ്ടെയ്നറുകൾ, മെഡിക്കൽ എയർ കംപ്രസറുകൾ, റെംഡെസിവിർ ഇഞ്ചക്ഷനുകൾ, ഇഞ്ചക്ഷൻ ടോസിലിസുമബ് എന്നിവയാണ് സംഭാവനയായി സ്വീകരിക്കുക. ഇവ മേയ് അവസാനം വരെ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ ജി.ഡബ്ല്യു.സി ഖത്തർ ലോജിസ്റ്റിക് വില്ലേജിൽ (വെയർ ഹൗസ് യൂനിറ്റ് ഡി.ഡബ്ല്യു.എച്ച്.1) സ്വീകരിക്കും.
എന്നാൽ പി.പി.ഇ കിറ്റുകൾ, വസ്ത്രങ്ങൾ, ഭക്ഷ്യസാധനങ്ങൾ എന്നിവ സ്വീകരിക്കില്ല.
സംഭാവനകൾ മാനദണ്ഡങ്ങൾ പാലിക്കുന്നതാകണം
ഇന്ത്യക്കായി സംഭാവന നൽകുന്ന വിവിധ സാധനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നവയായിരിക്കണമെന്നും അധികൃതർ അറിയിച്ചു. സാധനങ്ങൾ കമ്പനികളുടെ അധികൃതർ ആദ്യം പരിശോധിക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നവ മാത്രം സ്വീകരിക്കും. പാക്കറ്റുകളിലോ മറ്റോ പ്രശ്നങ്ങൾ ഉള്ളവ സ്വീകരിക്കില്ല.
1. വെൻറിലേറ്ററുകൾ, പേഴ്സനൽ ഒാക്സിജൻ കണ്ടെയ്നറുകൾ എന്നിവ ഒറിജിനൽ പാക്കറ്റുകളിൽ തന്നെയുള്ളവ ആകണം. ഇവയിൽ ലിഥിയം ബാറ്ററികൾ അടങ്ങിയിട്ടുണ്ടെങ്കിൽ അക്കാര്യം അറിയിക്കണം.
2. ഓക്സിജൻ സിലിണ്ടറുകൾ അലൂമിനിയം മിശ്രിതത്താൽ നിർമിച്ചവയോ സ്റ്റീൽ നിർമിതമോ ആയിരിക്കണം. 150 കിലോയിൽ കൂടുതൽ ഭാരം ഉണ്ടാകാൻ പാടില്ല. സിലിണ്ടറിെൻറ വർക്കിങ് പ്രഷർ, ടെസ്റ്റ് പ്രഷറിൻെറ 2/3ൽ കൂടാൻ പാടില്ല. അഞ്ചുബാറുകളിൽ കൂടാനും പാടില്ല. ടെസ്റ്റ് പീരിയഡ് കഴിഞ്ഞ് 10 വർഷം വരെ കാലവധിയുള്ളവയായിരിക്കണം സിലിണ്ടറുകൾ. സിലിണ്ടറിെൻറ പ്രഷർ ഗേജ് തകരാർ ഉള്ളതാകാൻ പാടില്ല.
3. മെഡിക്കൽ എയർ കംപ്രസറുകളുടെ പ്രഷർ വാൽവ് ശൂന്യം (പൂജ്യം) ആയിരിക്കണം.
4. മരുന്നുകൾ: റെംഡെസിവിർ ഇഞ്ചക്ഷനുകൾ, ഇഞ്ചക്ഷൻ ടോസിലിസുമബ് എന്നിവ ഒറിജിനൽ പാക്കറ്റുകളിൽ ഉള്ളവയാകണം. മെറ്റീരിയൽ സേഫ്റ്റി വിവരങ്ങൾ അടങ്ങിയ ഷീറ്റ് അടങ്ങിയതാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.