ആകാശം കീഴടക്കി ഖത്തർ എയർവേസ്
text_fieldsദോഹ: സ്കൈട്രാക്സിന്റെ 'എയർലൈൻ ഓഫ് ദി ഇയർ' അവാർഡ് പുരസ്കാരം ഖത്തർ എയർവേസിന്. 25ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ലോകത്തെ ഏറ്റവും മികച്ച എയർലൈൻസ് എന്ന അംഗീകാരം ഖത്തർ എയർവേസിനെ തേടിയെത്തുന്നത്. ലണ്ടനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ്, ബെസ്റ്റ് എയർലൈൻ ഇൻ മിഡിലീസ്റ്റ് എന്നീ പുരസ്കാരങ്ങളും ഖത്തർ എയർവേസ് സ്വന്തമാക്കി. നേരത്തേ, 2011, 2012, 2015, 2017, 2019, 2021 വർഷങ്ങളിലാണ് എയർലൈൻ ഓഫ് ദി ഇയർ അവാർഡ് ഖത്തർ എയർവേസിനെ തേടിയെത്തിയത്. ഖത്തർ എയർവേസിന്റെ ആസ്ഥാനമായ ഹമദ് രാജ്യാന്തര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയും കരസ്ഥമാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് മികച്ച വിമാനത്താവളത്തിനുള്ള സ്കൈട്രാക്സ് അവാർഡ് ഹമദ് വിമാനത്താവളത്തിന് ലഭിക്കുന്നത്.
ഖത്തർ എയർവേസിന്റെ പ്രീമിയം കാബിനായ ക്യൂ സ്യൂട്ടിന് തുടർച്ചയായ ആറാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് അവാർഡ് ലഭിച്ചു. അതേസമയം, മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ്ങിനുള്ള അവാർഡ് അൽ മൗർജാൻ ലോഞ്ച് കരസ്ഥമാക്കി. ഏഴാം തവണയും സ്കൈട്രാക്സ് അവാർഡ് ലഭിച്ചതിന് പിന്നിലും മറ്റു മൂന്ന് അവാർഡുകൾ കൂടി കരസ്ഥമാക്കിയതിലും ഞങ്ങളുടെ ജീവനക്കാരുടെ കഠിനപ്രയത്നങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അവരുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്നും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.