ഖത്തർ എയർവേസ്: 90ലധികം നഗരങ്ങളിലേക്ക് സർവിസ് വിപുലീകരിക്കുന്നു
text_fieldsദോഹ: കോവിഡ്-19നെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച സർവിസുകളുൾപ്പെടെ കൂടുതൽ സർവിസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേസ്. കോവിഡ്-19 പ്രതിസന്ധി ആരംഭിച്ചതിന് ശേഷവും മുപ്പതോളം നഗരങ്ങളിലേക്ക് സർവിസ് തുടർന്ന ഖത്തർ എയർവേസ്, ഇതിനകം തന്നെ നിരവധി നഗരങ്ങളിലേക്ക് സർവിസ് പുനരാരംഭിക്കുകയും ചെയ്തു. ഒക്ടോബർ മധ്യത്തോടെ അമ്മാൻ, എൻതെബ്ബെ, ഹാനോയ്, സിഷിലെസ്, വിൻഡ്ഹോക്, യെറേവാൻ എന്നീ നഗരങ്ങളിലേക്ക് സർവിസുകൾ പുനരാരംഭിക്കാനിരിക്കുകയാണ് കമ്പനി. ആക്രയിലേക്ക് പുതിയ സർവിസ് ആരംഭിക്കാനും പദ്ധതിയുണ്ട്. കൂടാതെ കോപൻഹേഗൻ, ധാക്ക, എൻതെബ്ബെ, ഹാനോയ്, മാഡ്രിഡ്, മാഞ്ചസ്റ്റർ, മനില, സിഷിലെസ്, സ്റ്റോക്ഹോം, വിൻഡ്ഹോക്, യെറേവാൻ എന്നീ നഗരങ്ങളിലേക്ക് സർവിസുകൾ പുനാരാരംഭിക്കാനും അല്ലെങ്കിൽ സർവിസുകൾ വർധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതോടെ ഖത്തർ എയർവേസിെൻറ രാജ്യാന്തര സർവിസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 90 കവിയും.
ലോകത്തെ മുൻനിര ആഗോള വിമാന കമ്പനിയായി ഖത്തർ എയർവേസ് മാറുന്നതിൽ അഭിമാനമേറെയുണ്ടെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രതികരിക്കാൻ ഖത്തർ എയർവേസിന് സാധിക്കുന്നുണ്ടെന്നും നേരത്തെയുണ്ടായിരുന്ന സർവിസുകൾ പുനരാരംഭിക്കുന്നതോടൊപ്പം നിലവിലെ സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നതിലും ഖത്തർ എയർവേസ് ശ്രദ്ധയൂന്നുന്നുണ്ടെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു.
നിയന്ത്രണങ്ങൾ കൂടുതൽ നീക്കുന്നതോടെ ആഗോള തലത്തിൽ സർവിസുകൾ വർധിപ്പിക്കാനാണ് ഖത്തർ എയർവേസ് നീക്കം. ഉടൻ കൂടുതൽ നഗരങ്ങളിലേക്ക് സർവിസ് പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ്-19 പ്രതിസന്ധികാലത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ഖത്തർ എയർവേസ് സ്വദേശങ്ങളിലെത്തിച്ചത്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ പതിയെ വിപണിയിൽ സാന്നിധ്യം വീണ്ടും ശക്തമാക്കാനാണ് ഖത്തർ എയർവേസ് പദ്ധതി.
അതേസമയം, കോവിഡ്-19 കാരണം അന്താരാഷ്ട്ര സർവിസുകൾ നിർത്തിവെച്ചതിനാൽ, ഉപഭോക്താക്കൾക്ക് നൽകിയ വാക്കുപാലിച്ച് ഖത്തർ എയർവേസ് ഈയടുത്ത് ശ്രദ്ധ നേടിയിരുന്നു. മാർച്ച് മുതൽ റീഫണ്ട് ഇനത്തിൽ 120 കോടി യു.എസ് ഡോളർ മടക്കി നൽകിയേതാടെയാണിത്.
യാത്രക്കാർക്ക് ഏറ്റവും ലളിതമായ ബുക്കിങ് നയങ്ങളാണ് കോവിഡ്-19 പശ്ചാത്തലത്തിൽ ഖത്തർ എയർവേസ് മുന്നോട്ടുവെച്ചത്. സെപ്റ്റംബർ 30ന് മുമ്പായി ബുക്ക് ചെയ്യുന്ന ഖത്തർ എയർവേസ് ടിക്കറ്റുകൾക്ക് രണ്ടുവർഷത്തെ കാലാവധിയാണ് കമ്പനി ഓഫർ നൽകുന്നത്. ഇക്കാലയളവിൽ യാത്രക്കാർക്ക് തീയതിയും സ്ഥലവും ആവശ്യാനുസരണം സൗജന്യമായി മാറ്റാനും കമ്പനി അവസരം നൽകുന്നുണ്ട്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.