പി.എസ്.ജിയുമായി കരാർ നീട്ടി ഖത്തർ എയർവേയ്സ്
text_fieldsപുതിയ സ്പോൺസർഷിപ് കരാറിന് പിന്നാലെ പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖിലൈഫിയും ഖത്തർ എയർവേസ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീറും
ദോഹ: ഖത്തർ എയർവേസും ഫ്രഞ്ച് ഫുട്ബാളിലെ വമ്പന്മാരായ പാരിസ് സെയിന്റ് ജെർമനും (പി.എസ്.ജി) തമ്മിലെ കരാർ 2028 വരെ ദീർഘിപ്പിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം. ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പി.എസ്.ജി സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.
ഔദ്യോഗിക എയർലൈൻ പങ്കാളി എന്നതിലപ്പുറം ഖത്തർ ഡ്യൂട്ടി ഫ്രീയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെടുന്ന ഖത്തർ എയർവേയ്സ് ഗ്രൂപ് പുതിയ പങ്കാളിത്തത്തിൽ ഉൾപ്പെടും. കരാർ പ്രകാരം ലീഗ് വൺ, യുവേഫ മത്സരങ്ങൾ ഉൾപ്പെടെ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര ടൂർണമെന്റുകളിലും പരിശീലന ജഴ്സികളിലും വാം അപ് ജഴ്സികളിലും ഖത്തർ എയർവേസ് ലോഗോ തുടർന്നും ഉണ്ടാകും.
ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുമായുള്ള പങ്കാളിത്തവും സഹകരണവും വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായ ഖത്തർ എയർവേസുമായുള്ള പങ്കാളിത്തം 2028 വരെ ദീർഘിപ്പിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖിലൈഫി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.