കാത്തിരിപ്പിന് വിരാമം; ഖത്തർ എയർവേസ് വിമാനം ഡമസ്കസിൽ
text_fieldsദോഹ: നീണ്ട 12 വർഷത്തിനുശേഷം ദോഹയിൽനിന്ന് സിറിയയിലെ ഡമസ്കസ് ലക്ഷ്യമാക്കി യാത്രക്ക് തുടക്കം കുറിച്ച് ഖത്തർ എയർവേസ് യാത്രവിമാനം. യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും കാരണം രാജ്യം വിട്ട നിരവധി സിറിയൻ പൗരന്മാരെയും വഹിച്ചായിരുന്നു പ്രതീക്ഷയുടെ പുതു തുടക്കമായി ദോഹ-ഡമസ്കസ് സർവിസിന് ചൊവ്വാഴ്ച തുടക്കം കുറിച്ചത്. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് ഡമസ്കസിലേക്ക് സർവിസ് നടത്തുകയെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
ദീർഘകാലമായി നിർത്തിവെച്ചിരുന്ന സർവിസാണ് ഖത്തർ എയർവേസ് പുനരാരംഭിച്ചത്. ഒരു വിദേശ കമ്പനിയുടെ ആദ്യ ഔദ്യോഗിക വാണിജ്യ വിമാനം കൂടിയാണ് ഡമസ്കസിലേക്ക് കഴിഞ്ഞ ദിവസം ദോഹയിൽനിന്നും പറന്നുയർന്നത്.
ബശ്ശാറുൽ അസദ് ഭരണകൂടം നിലംപതിച്ചതിനുശേഷം വേഗത്തിൽതന്നെ സർവിസ് ആരംഭിക്കുന്നതിനായി പ്രവർത്തിച്ച എല്ലാവർക്കും ഖത്തർ എയർവേസ് നന്ദി രേഖപ്പെടുത്തി. 2011ൽ ആഭ്യന്തര സംഘർഷം ആരംഭിച്ചതോടെയാണ് ഡമസ്കസ് ഉൾപ്പെടെ സിറിയയിലെ എല്ലാ നഗരങ്ങളിലേക്കുമുള്ള സർവിസുകൾ നിർത്തലാക്കിയത്.
അസദ് ഭരണകൂടം തകർന്നതോടെ പൂർണമായും അടച്ചിട്ട ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളം അന്താരാഷ്ട്ര വിമാനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് സിറിയൻ അധികാരികൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.