ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ തുടരുമെന്ന് ഖത്തർ എയർവേസ്
text_fieldsഖത്തർ എയർവേസ് വിമാനങ്ങൾ
ദോഹ: കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലും ഇന്ത്യയിലേക്കുള്ള യാത്രാ, കാർഗോ വിമാന സർവിസുകൾ തുടരുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. കോവിഡ് വ്യാപനം ഉയർന്ന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് ഖത്തർ എയർവേസിെൻറ ആശ്വാസപ്രസ്താവന. തങ്ങളുടെ ഹൃദയങ്ങൾക്കുള്ളിൽ ഇന്ത്യക്കാർക്ക് പ്രത്യേക സ്ഥാനമാണുള്ളതെന്നും പ്രതിസന്ധികളാൽ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഖത്തറിെൻറ ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേസ് ട്വീറ്റ് ചെയ്തു. ഇന്ത്യൻ സഹോദരങ്ങൾക്ക് പിന്തുണ നൽകുന്നതിെൻറ ഭാഗമായി ഖത്തർ-ഇന്ത്യ സെക്ടറിൽ യാത്ര, കാർഗോ വിമാന സർവിസുകൾ തുടരുമെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്താത്ത അപൂർവം ചില രാജ്യങ്ങളിലൊന്നാണ് ഖത്തർ. ജി.സി.സി രാജ്യങ്ങളായ കുവൈത്ത്, ഒമാൻ, യു.എ.ഇ, സൗദി അറേബ്യ രാജ്യങ്ങളും അമേരിക്ക, ആസ്േത്രലിയ, ഹോങ്കോങ്, ബ്രിട്ടൻ, പാകിസ്താൻ, ന്യൂസിലൻഡ് രാജ്യങ്ങളും നേരത്തേ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം മാത്രം 352,991 പുതിയ കോവിഡ് പോസിറ്റിവ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡിെൻറ ആദ്യ പ്രഭാവത്തെ തടഞ്ഞുനിർത്തുന്നതിൽ ഇന്ത്യ വിജയത്തിനടുത്തെത്തിയിരുന്നു.
എന്നാൽ, രണ്ടാം വരവിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. 2812 പേരാണ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ മണിക്കൂറിലും 117നടുത്ത് ആളുകൾ കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരണത്തിന് കീഴടങ്ങുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതിനകംതന്നെ 17.3 ദശലക്ഷം പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചിരിക്കുന്നത്.ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച കണക്കുകളിൽ ഇന്ത്യക്കു മുന്നിൽ അമേരിക്ക മാത്രമാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.