ദോഹ-ബഹ്റൈൻ ബുക്കിങ് ആരംഭിച്ച് ഖത്തർ എയർവേസ്
text_fieldsദോഹ: വർഷങ്ങൾ നീണ്ട ഇടവേളക്കുശേഷം ഖത്തറും ബഹ്റൈനും തമ്മിൽ വ്യോമ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിനുപിന്നാലെ ദോഹയിൽനിന്ന് നേരിട്ടുള്ള വിമാന ബുക്കിങ് ആരംഭിച്ച് ഖത്തർ എയർവേസ്. ദോഹ-ബഹ്റൈൻ വിമാന സർവിസ് പ്രാബല്യത്തിൽ വരുന്ന മേയ് 25 മുതൽ തന്നെ ഖത്തർ എയർവേസ് വിമാനങ്ങൾ ദോഹയിൽനിന്ന് ബഹ്റൈനിലേക്ക് പറന്നു തുടങ്ങും.
2017ലെ ഗൾഫ് ഉപരോധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം നിലച്ചതോടെ യാത്രാമാർഗങ്ങളും അവസാനിച്ചിരുന്നു. തുടർന്ന്, ഉപരോധം നീങ്ങിയിട്ടും ഖത്തറും ബഹ്റൈനും തമ്മിലെ ബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. കഴിഞ്ഞ മാസം നടന്ന ജി.സി.സി ഫോളോഅപ് കമ്മിറ്റി യോഗത്തിനു ശേഷമാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. അതിന്റെ തുടർച്ചയായി വിമാന സർവിസും പുനരാരംഭിക്കുകയാണിപ്പോൾ.
ദോഹയിൽനിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 50 മിനിറ്റാണ് യാത്രാ ദൈർഘ്യം. ദിവസവും രാത്രി എട്ടിന് ദോഹയിൽനിന്ന് പുറപ്പെടുന്ന ഖത്തർ എയർവേസ് 1109 എയർ ബസ് എ320 വിമാനം 8.50ഓടെ ബഹ്റൈനിലെത്തും. ഇക്കണോമി ക്ലാസിന് 1210 റിയാലും ഫസ്റ്റ് ക്ലാസിന് 4780 റിയാലുമാണ് നിലവിലെ നിരക്ക്. ബഹ്റൈനിൽനിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം രാത്രി 11.15ഓടെ ദോഹയിലെത്തും.
ബഹ്റൈൻ ദേശീയ എയർലൈൻസായ ഗൾഫ് എയറും ഇരു രാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള സർവിസിന് ബുക്കിങ് ആരംഭിച്ചു. ദോഹയിൽനിന്ന് 11.15ന് പുറപ്പെടുന്ന വിമാനം 12 മണിയോടെ ബഹ്റൈനിലെത്തും. ബഹ്റൈനിൽനിന്ന് രാവിലെ 9.30ന് പുറപ്പെട്ട് 10.15നാണ് ദോഹയിലെത്തുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ട് വിമാന സർവിസ് പുനരാരംഭിക്കുന്നത് മേഖലയുടെ വിനോദ സഞ്ചാരത്തിനും ഉണർവുപകരും. ബിസിനസ് സമൂഹമുൾപ്പെടെയുള്ള പ്രവാസി മലയാളികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യും. നേരത്തെ ഒമാൻ, കുവൈത്ത് വഴിയായിരുന്നു യാത്ര തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.