പുരസ്കാരത്തിളക്കത്തിൽ ഖത്തർ എയർവേസ്
text_fieldsദോഹ: ആകാശക്കരുത്തായി ചിറകു വിരിക്കുന്ന ഖത്തർ എയർവേസിന് പുരസ്കാരത്തിളക്കം. പാരിസ് എയർഷോയിൽ വിവിധ വിഭാഗങ്ങളിലായി അവാർഡുകൾ വാരിക്കൂട്ടിയാണ് ഖത്തർ എയർവേസ് വ്യോമയാന മേഖലയിലെ പ്രബലരായി മാറുന്നത്. മികച്ച ബിസിനസ് ക്ലാസ് അടക്കം നാല് പുരസ്കാരങ്ങൾ സ്വന്തമാക്കി.
പാരിസ് എയര്‍ ഷോയുടെ ഭാഗമായി നടന്ന സ്കൈട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ് പ്രഖ്യാപനത്തിലാണ് ഖത്തര്‍ എയര്‍വേസ് തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയത്. മികച്ച ബിസിനസ് ക്ലാസ്, മിഡിലീസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് ലോഞ്ച്, മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് ഡൈനിങ് പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേസിനെ തേടിയെത്തിയത്.
ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിര്‍, ഹമദ് വിമാനത്താവളം സി.ഒ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ എന്നിവർ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പത്താംതവണയാണ് മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേസിന് ലഭിക്കുന്നത്.
ഖത്തർ എയർവേസിന്റെ ഹമദ് വിമാനത്താവളത്തിലെ അൽമൗർജാൻ ലോഞ്ചാണ് ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ലോഞ്ച് വിഭാഗത്തിൽ ജേതാവായത്.
പുരസ്കാര നേട്ടം ഖത്തർ എയർവേസിന്റെ മികച്ച സേവനത്തിനും ഗുണനിലവാരത്തിനുമുള്ള അംഗീകാരമാണെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ പ്രതികരിച്ചു. ഏറ്റവും മികച്ച ഉപഭോക്തൃ സേവനത്തിനുള്ള നേട്ടം കൂടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.