കാബിൻ ക്രൂവിനെ സ്മാർട്ടാക്കി ഖത്തർ എയർവേസ്
text_fieldsദോഹ: വ്യോമയാന ലോകത്ത് ഏറ്റവും വേഗത്തിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും സുഖകരമായ യാത്രാനുഭവങ്ങൾ നൽകുകയും ചെയ്യുന്നതിൽ മുൻപന്തിയിലാണ് ഖത്തർ എയർവേസ്. ഇപ്പോൾ, തങ്ങളുടെ യാത്രക്കാരുമായി ബന്ധപ്പെട്ട മുഴുവൻ ആവശ്യങ്ങളും കാബിൻ ക്രൂവിന് എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കും വിധം ഇൻ ഹൗസ് ആപ്ലിക്കേഷൻ അവതരിപ്പിച്ചാണ് ഖത്തർ എയർവേസ് വീണ്ടും പുതുമയുടെ വഴി കണ്ടെത്തിയത്. ആകാശ യാത്രക്കിടെ ഓരോ യാത്രക്കാരന്റെയും വ്യക്തിഗത ആവശ്യങ്ങൾ നിറവേറ്റാനും, വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ടു കൈമാറാനും ഉൾപ്പെടെ എല്ലാം സാധ്യമാക്കുന്ന ആപ്പും, അവ അടങ്ങുന്ന സ്മാർട്ട് ഉപകരണങ്ങളും ക്രൂവിനായി അവതരിപ്പിക്കുന്നു. ആപ്പിന്റെ പ്രാരംഭഘട്ടത്തിൽ വിമാനത്തിന്റെ സമയങ്ങളും ഉപഭോക്തൃ, സേവന വിവരങ്ങൾ സംബന്ധിച്ച തത്സമയ സ്ഥിതിവിവരക്കണക്കുകൾ വാഗ്ദാനം ചെയ്യുന്നു.
പ്രിവിലേജ് ക്ലബ് അംഗങ്ങളും വൺ വേൾഡ് അംഗങ്ങളും ഉൾപ്പെടെയുള്ള യാത്രക്കാരുടെ പ്രൊഫൈലുകളും പ്രത്യേക സേവന അഭ്യർഥനകളും മുൻഗണനകളും മനസ്സിലാക്കാൻ ആപ് കാബിൻ ക്രൂവിനെ സഹായിക്കുന്നു.
വരും മാസങ്ങളിൽ കാബിൻ ക്രൂവിന് 15000ലധികം മൊബൈൽ ഫോൺ ഉൾപ്പെടെ സ്മാർട്ട് ഡിവൈസുകൾ നൽകിക്കൊണ്ട് സാങ്കേതിക വത്കരണത്തിൽ ഖത്തർ എർവേസ് നാന്ദി കുറിക്കും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും വിദേശ വിമാനത്താവളങ്ങളിലേക്കും ലോഞ്ചുകളിലേക്കും ആപ്പിന്റെ വ്യാപ്തി വിപുലീകരിക്കാനും പ്രാപ്തമാക്കും.
ഖത്തർ എയർവേസിന്റെ സാങ്കേതികവത്കരണം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിൽ ഏറെ അഭിമാനിക്കുന്ന ചുവടുവെപ്പാണിതെന്നും നേട്ടത്തിൽ അഭിമാനിക്കുന്നതായും ഗ്രൂപ് സി.ഇ.ഒ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങൾക്കും സുസ്ഥിരതക്കുമായി ഡേറ്റാ അനലിറ്റിക്സും നിർമിതബുദ്ധി പരിഹാരങ്ങളും അറിയുന്നതിനായി ഗൂഗ്ൾ ക്ലൗഡുമായുള്ള സഹകരണമുൾപ്പെടെ ഖത്തർ എയർവേസ് ഈ വർഷം അതിന്റെ ഡിജിറ്റൽവത്കരണ മേഖലയിൽ വലിയ മുന്നേറ്റമാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.