ദോഹ-മെക്സികോ സിറ്റി റൂട്ടിൽ പുതിയ സർവിസുമായി ഖത്തർ എയർവേസ്
text_fieldsദോഹ: ഖത്തർ ലോകകപ്പിന് മുന്നോടിയായി ദോഹ-മെക്സികോ സിറ്റി റൂട്ടിൽ പുതിയ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് മെക്സിക്കൻ സർക്കാറുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ഖത്തർ എയർവേസ് അറിയിച്ചു. വടക്കനമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നും മെക്സികോ ലോകകപ്പിനായി യോഗ്യത നേടിയതിനുപിന്നാലെ ഫുട്ബാളിന് ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യങ്ങളിലൊന്നായ മെക്സികോയിൽനിന്ന് നിരവധി പേരാണ് ഖത്തറിലേക്ക് വരാനിരിക്കുന്നത്. ആദ്യഘട്ട ടിക്കറ്റ് വിൽപനയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയ രാജ്യങ്ങളിലൊന്നുകൂടിയാണ് മെക്സികോ. ഈ സാഹചര്യത്തിലാണ് മെക്സിക്കൻ സർക്കാറും ഖത്തർ എയർവേസും പുതിയ മെക്സികോ സിറ്റി വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിക്കുന്നതുസംബന്ധിച്ച് ചർച്ചകളിലേക്ക് നീങ്ങിയത്.
സർവിസ് ആരംഭിക്കുകയാണെങ്കിൽ തങ്ങളുടെ ആരാധകർക്ക് എളുപ്പത്തിൽ നേരിട്ട് ദോഹയിലെത്താനും ടീമിന് പിന്തുണ നൽകാനും സാധിക്കും. പുതിയ സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ചകൾ അടുത്തയാഴ്ച നടക്കുമെന്നാണ് സൂചനയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം അവസാനത്തോടെ ഖത്തർ എയർവേസ് മെക്സികോയിലേക്ക് സർവിസ് നടത്താൻ തൽപരരാണെന്ന് മെക്സിക്കൻ വിദേശകാര്യമന്ത്രി മാർസെലോ എബ്റാർഡ് നേരത്തെ പുറത്തുവിട്ടിരുന്നു. മെക്സികോ സിറ്റിയിലേക്ക് സർവിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാറുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും തുടർ ചർച്ചകൾ നടക്കുമെന്നും ഖത്തർ എയർവേസ് വക്താവ് അറിയിച്ചു.
പുതിയ ഫിലിപ്പ് ആഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിക്കുന്നതിന് പദ്ധതിയൊന്നുമില്ലെന്ന് ഖത്തർ എയർവേസ് അറിയിച്ചതിന് ഏതാനും ആഴ്ചകൾക്കുശേഷമാണ് പുതിയ നീക്കം. കോൺകകഫ് യോഗ്യത റൗണ്ടിൽ എൽസാൽവഡോറിനെ പരാജയപ്പെടുത്തിയാണ് മെക്സികോ ഖത്തർ ലോകകപ്പിന് ബർത്തുറപ്പിച്ചത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജൻറീനയെയാണ് മെക്സികോ നേരിടുക. ആദ്യഘട്ട ടിക്കറ്റ് വിൽപനയിൽ എട്ടുലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ടിക്കറ്റ് വിൽപനയുടെ രണ്ടാംഘട്ട ബുക്കിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.