ടിക്കറ്റ് ബുക്ക് ചെയ്യാനും ‘സമ’
text_fieldsഖത്തർ എയർവേസിന്റെ സമ ഡിജിറ്റൽ ബുക്കിങ് വിൻഡോ, വെബ് സമ്മിറ്റ് വേദിയിൽ ഖത്തർ എയർവേസ് പവിലിയനിൽ
ദോഹ: വിമാന യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഓൺലൈനിൽ പരതി വിഷമിക്കേണ്ടതില്ല. അതിനും സഹായവുമായി ഖത്തർ എയർവേസിന്റെ എ.ഐ കാബിൻ ക്രൂ സമയുണ്ട്. ചാറ്റ് ചെയ്തും, ശബ്ദ സന്ദേശത്തിലൂടെയും ആവശ്യം അറിയിച്ചാൽ, ഖത്തർ എയർവേസിന്റെ യാത്ര ടിക്കറ്റുകൾ ഇനി ‘സമ’ എളുപ്പത്തിൽ ബുക്ക് ചെയ്ത് തരും.
കഴിഞ്ഞ ദിവസം ആരംഭിച്ച ഖത്തർ വെബ്സമ്മിറ്റിന്റെ ഭാഗമായാണ് വിമാന ടിക്കറ്റ് ബുക്കിങ്ങിലും സമയുടെ സേവനം ഉറപ്പാക്കുന്ന നിർമിതി ബുദ്ധിയിലെ പുതിയ ചുവടുവെപ്പിന് ഖത്തർ എയർവേസ് തുടക്കം കുറിച്ചത്. വ്യോമയാന മേഖലയിൽതന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക മുന്നേറ്റമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
ക്യൂവേഴ്സ് ആപിലും വെബ്സൈറ്റിലും ഈ സേവനം ഉപയോഗിച്ച് പരസഹായമോ, സങ്കീർണതകളോ ഇല്ലാതെ എളുപ്പത്തിൽ ടിക്കറ്റ് ഉറപ്പിക്കാം. ഉപയോക്താവ് തങ്ങളുടെ യാത്രാ പദ്ധതി വിവരിച്ചു നൽകുന്നതോടെ സമഗ്രമായ യാത്രാ പ്ലാനുമായി സമ തയാറാകും.
യാത്ര ചെയ്യുന്ന റൂട്ടിലെ വിമാനങ്ങൾ, കുടുംബ യാത്രാ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, സന്ദർശിക്കാനാവുന്ന സ്ഥലങ്ങൾ തുടങ്ങി മുഴുസമയ സേവനവും 24 മണിക്കൂറും ‘സമ’ ലഭ്യമാക്കും. വെബ് സമ്മിറ്റ് പവിലിയനിൽ സന്ദർശകരുടെ യാത്രാ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരമായും സമയുടെ സാന്നിധ്യമുണ്ട്.
അതിവേഗം മാറുന്ന ഡിജിറ്റൽ യുഗത്തിനൊപ്പമുള്ള ഖത്തർ എയർവേസിന്റെ കുതിപ്പിനെയും അടയാളപ്പെടുത്തുന്നതാണ് വെബ് സമ്മിറ്റിലെ പവിലിയൻ. എ.ഐ കാബിൻ ക്രൂ ഹോളോഗ്രാം, ക്യൂ വേഴ്സ്, എ.ഐ മെനു, പ്രിവിലേജ് കാർഡ് കലക്ഷൻ, റിവാർഡ് സീറ്റ് ഫൈൻഡർ, ഡ്രീം ഡെസ്റ്റിനേഷൻ-ദ പൾസ് തുടങ്ങിയ നൂതന സേവനങ്ങളും പദ്ധതികളും ഖത്തർ എയർവേസ് സന്ദർശകർക്കായി അവതരിപ്പിക്കുന്നു.
അതേസമയം, വെബ്സമ്മിറ്റിന്റെ നാലുവർഷത്തെ ട്രാവൽ പാർട്ണറായും ഖത്തർ എയർവേസ് പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.