അറ്റ്ലാൻറയിലേക്ക് ജൂൺ ഒന്നു മുതൽ ഖത്തർ എയർവേസ് സർവിസ്
text_fieldsദോഹ: അമേരിക്കയിലെ 12ാമത് നഗരത്തിലേക്കുള്ള പുതിയ വിമാന സർവിസ് പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. ജൂൺ ഒന്നു മുതൽ അമേരിക്കയിലെ അറ്റ്ലാൻറയിലേക്കാണ് കമ്പനി സർവിസ് ആരംഭിക്കുന്നത്. ആഴ്ചയിൽ നാല് സർവിസുകളാണ് ദോഹ-അറ്റ്ലാൻറ സെക്ടറിൽ ഖത്തർ എയർവേസ് പ്രവർത്തിക്കുക. അതോടൊപ്പം ആഴ്ചയിൽ അധിക 13 സർവിസുകൾ കൂടി ഖത്തർ എയർവേസ് ഉൾപ്പെടുത്തുന്നതോടെ അമേരിക്കയിലെ 12 നഗരങ്ങളിലേക്കായി ആഴ്ചയിലെ സർവിസുകളുടെ എണ്ണം 83 ആയി വർധിക്കും. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ സർവിസ് നടത്തുന്ന ഏറ്റവും വലിയ രാജ്യാന്തര വിമാന കമ്പനിയായി ഖത്തർ എയർവേസ് മാറിയിട്ടുണ്ട്. അമേരിക്ക, ആഫ്രിക്ക, ഏഷ്യ, മിഡിലീസ്റ്റ് രാജ്യങ്ങളിലേക്ക് സർവിസ് നടത്തുന്ന മുൻനിര എയർലൈനുകളിലൊന്നായ ഖത്തർ എയർവേസ് മികച്ച യാത്രാ അനുഭവങ്ങളാണ് കോവിഡ് കാലത്ത് ഉപഭോക്താക്കൾക്ക് സമ്മാനിച്ചത്.ലോകത്തിലെയും മിഡിലീസ്റ്റിലെയും മികച്ച വിമാനത്താവളങ്ങളിലൊന്നായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്നും അമേരിക്കയിലേക്കും തിരിച്ചും സുരക്ഷിതവും വിശ്വാസയോഗ്യവുമായ യാത്രാസൗകര്യം ഒരുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. കോവിഡ് കാലത്തും അമേരിക്കയിലേക്കുള്ള ഖത്തർ എയർവേസ് സർവിസ് പ്രവർത്തിച്ചിരുെന്നന്നും നിലവിൽ ശൃംഖല വ്യാപിപ്പിക്കുകയാണെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു.
ബോസ്റ്റൺ, ഷികാഗോ, ഡാളസ് ഫോർട്ട് വർത്ത്, ഹ്യൂസ്റ്റൺ, ലോസ് ആഞ്ജലസ്, മിയാമി, ന്യൂയോർക്, ഫിലഡെൽഫിയ, സാൻഫ്രാൻസിസ്കോ, വാഷിങ്ടൺ ഡി.സി, സിയാറ്റിൽ എന്നീ നഗരങ്ങളിലേക്കാണ് നിലവിൽ ഖത്തർ എയർവേസ് ദോഹയിൽനിന്നും സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.