വേൾഡ് മൈസ് അവാർഡിൽ തിളങ്ങി ഖത്തർ എയർവേസ്
text_fieldsദോഹ: മികച്ച സേവനവും ആഡംബര യാത്രാസൗകര്യവുമായി വീണ്ടും അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കി ഖത്തർ എയർവേസ്. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നടന്ന വേൾഡ് മൈസ് അവാർഡിൽ ലോകത്തിലെ ഏറ്റവും മികച്ച മൈസ് എയർലൈൻ പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ദോഹ ആസ്ഥാനമായ ഖത്തർ എയർവേസിനെ തേടിയെത്തി.
മിഡിലീസ്റ്റിലെ മികച്ച മൈസ് എയർലൈൻ പുരസ്കാരവും ഖത്തർ എയർവേസിന് തന്നെയാണ്.മീറ്റിങ്സ്, ഇൻസെന്റിവ്സ്, കോൺഫറൻസസ്, എക്സിബിഷൻസ് (മൈസ്) ടൂറിസത്തിലെ മികവിനുള്ള അംഗീകാരം നൽകുന്ന ആഗോള സംരംഭമാണ് വേൾഡ് മൈസ് അവാർഡുകൾ.
ഖത്തറിലും പുറത്തും മൈസ് വ്യവസായം വളർത്തിയെടുക്കുന്നതിലെ ഖത്തർ എയർവേസിന്റെ അകമഴിഞ്ഞ പിന്തുണക്കും ശ്രമങ്ങൾക്കുമുള്ള അംഗീകാരമായാണ് അവാർഡുകൾ നൽകിയിരിക്കുന്നത്.ക്യു.എം.ഐ.സി.ഐ എന്ന വൺസ്റ്റോപ്പ് ഡിജിറ്റൽ ട്രാവൽ സൊലൂഷന് കീഴിലുള്ള മൈസ് സേവനങ്ങൾക്ക് ഖത്തർ എയർവേസ് നൽകിവരുന്ന പിന്തുണയും ഖത്തറിന്റെ ലോകോത്തര എയർലൈൻ കമ്പനിയെ അവാർഡിന് അർഹമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
സ്കൈട്രാക്സ് വേൾഡ് ബെസ്റ്റ് എയർലൈൻസ്, എയർലൈൻ റേറ്റിങ്സ് ബെസ്റ്റ് എയർലൈൻ ഓഫ് ദി ഇയർ, വേൾഡ് ട്രാവൽ അവാർഡ് തുടങ്ങിയ പുരസ്കാര നേട്ടങ്ങൾക്കൊടുവിലാണ് ഖത്തർ എയർവേസിനെ തേടി വീണ്ടും അംഗീകാരങ്ങളെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.