ബോയിങ് ചിറകിലേറി ഖത്തർ എയർവേസ്
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അമേരിക്കൻ സന്ദർശനഭാഗമായി വിമാന നിർമാണക്കമ്പനിയായ ബോയിങ്ങുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഖത്തർ എയർവേസ്. ബോയിങ് 777-8 മോഡലിന്റെ 50 ചരക്കുവിമാനങ്ങൾക്കാണ് ഖത്തർ എയർവേസുമായി ധാരണയായത്. ആദ്യഘട്ടത്തിൽ 34 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. പിന്നീട് 16 വിമാനങ്ങൾ കൂടി സ്വന്തമാക്കുന്ന തരത്തിലാണ് കരാർ. 2000 കോടി ഡോളറിന്റെ കരാറിലാണ് ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിറും ബോയിങ് സി.ഇ.ഒ സ്റ്റാൻ ഡീലും ധാരണപത്രത്തിൽ ഒപ്പുവെച്ചത്. വിമാനക്കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ ഇടപാടിനാണ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്.
ഇതിനുപുറമെ, 737-10 യാത്രാവിമാനങ്ങൾ സംബന്ധിച്ചും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ആദ്യ ഘട്ടത്തിൽ 25 വിമാനങ്ങൾ വാങ്ങാനും ആവശ്യമെങ്കിൽ ഭാവിയിൽ 25 വിമാനങ്ങൾ അധികമായി വാങ്ങാനുമാണ് കരാർ. നിലവിലെ നിരക്ക് പ്രകാരം 700 കോടി ഡോളറിനാണ് ധാരണയായത്. 2027ൽ ആദ്യ വിമാനം ലഭിക്കും. ബോയിങ്ങിന്റെ ബെസ്റ്റ് സെല്ലിങ് ചരക്കുവിമാനമായ രണ്ട് 777 വിമാനങ്ങളും ഖത്തര്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. കരാറിൽ ഒപ്പുവെച്ചതിനുപിന്നാലെ ബോയിങ്ങിന്റെ ഓഹരികളിൽ 5.1 ശതമാനം വർധനവോടെയാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. 'ഖത്തർ എയർവേസും ബോയിങ്ങും തമ്മിലെ കരുത്തുറ്റ ബന്ധത്തിലെ ശ്രദ്ധേയ ദിനമാണ് ഇന്ന്. ഞങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള കുതിപ്പിന് ബോയിങ്ങിന്റെ പിന്തുണ ഉറപ്പിക്കുകയാണ്' -കരാറിൽ ഒപ്പുവെച്ചുകൊണ്ട് അക്ബർ അൽ ബാകിർ പറഞ്ഞു. ലണ്ടൻ ആസ്ഥാനമായ വിമാനക്കമ്പനി എയർബസുമായുള്ള തർക്കം കോടതി കയറുകയും എയർബസ് 600 കോടി ഡോളറിന്റെ കരാർ ഏകപക്ഷീയമായി റദ്ദാക്കുകയും ചെയ്ത് ആഴ്ചകൾക്കുള്ളിലാണ് ഖത്തർ എയർവേസ് ഏറ്റവും വലിയ കരാറിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.